തിരുവനന്തപുരം: നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ കുടുംബം. മകന്റെ നഷ്ടത്തിന് പകരമാകില്ല ഒന്നുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു.
പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ജിഷ്ണുവിന്റെ കൊലപാതകികളെ പിടികൂടണം. പണമല്ല പ്രധാനം. സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷത്തിന് പകരം 20 ലക്ഷം രൂപ വേണമെങ്കില്‍ നല്‍കാം. മകന്റെ മരണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഒരാളെ പോലും പൊലീസിനു അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മയും സഹോദരിയും നിരാഹാരം തുടരുകയാണ്. അമ്മ മഹിജയെ ഇന്നലെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും നിരാഹാരം തുടരുകയാണ്. സഹോദരി അവിഷ്ണയെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും.
ജിഷ്ണുവിന്റെ കുടുംബത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ലതിക സുഭാഷ്, ബിന്ദുകൃഷ്ണ എന്നിവര്‍ ഇന്നു മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും