തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ വരാതിരുന്നതിന് പൊട്ടിത്തെറിച്ച ജിഷ്ണുവിന്റെ അമ്മക്ക് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുത്ത് കാണിച്ച് മറുപടി നൽകി പിണറായിയുടെ പൊലീസ്.
പാമ്പാടി നെഹ്റു എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതും കോളേജ് അധികൃതരുടെ പീഢന കഥയും വൻ പ്രതിഷേധങ്ങൾക്കാണ് സംസ്ഥാനത്ത് വഴി മരുന്നിട്ടിരുന്നത്.
വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം കോളേജ് അടിച്ചു തകർക്കുന്നതിൽ വരെ എത്തിച്ചു കാര്യങ്ങൾ.
പതിവ് പോലെ എല്ലാ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളം ജിഷ്ണുവിന്റെ വീട്ടിലെത്തി കുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി പിണറായി അവിടെ എത്തിയിരുന്നില്ല. ഔദ്യോഗികമായ തിരക്കുകൾ മൂലമായിരുന്നു ഇതെന്നായിരുന്നു വിശദീകരണം. മുഖ്യമന്ത്രി എത്തിയിരുന്നില്ലങ്കിലും മന്ത്രി പ്രതിനിധിയെ വീട്ടിലേക്ക് പറഞ്ഞയക്കുകയും 10 ലക്ഷം രൂപ ധനസഹായം കുടുംബത്തിന് സർക്കാർ നൽകുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് അന്വേഷണം ശരിയായ ദിശയിലല്ലന്ന് പറഞ്ഞ് രംഗത്ത് വന്ന ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രി വീട്ടിലേക്ക് വരാതിരുന്നതിനെ പരസ്യമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു.
കോളേജ് തല്ലിതകർത്ത് എസ്എഫ്ഐ അടക്കം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിട്ടും സർക്കാർ ധനസഹായം അനുവദിക്കുകയും മന്ത്രിമാരും സി പി എം നേതാക്കളുമെല്ലാം വീട് സന്ദർശിക്കുകയും ചെയ്തിട്ടും മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു അഭിപ്രായപ്രകടനമുണ്ടായത് സി പി എം നേതാക്കൾക്ക് വലിയ പ്രയാസമുണ്ടാക്കിയിരുന്നു.
മകൻ നഷ്ടപ്പെട്ട അമ്മയുടെ പ്രതികരണമെന്ന നിലയിൽ സംഭവം വിവാദമാക്കേണ്ടതില്ലന്ന നിലപാടിലായിരുന്നു പാർട്ടി നേതൃത്വം.
എന്നാൽ വീട് സന്ദർശനത്തിലല്ല പ്രവർത്തിയിലാണ് കാര്യമെന്ന് കണ്ട് കർശനമായ നിർദ്ദേശമാണ് പ്രതികളെ പിടിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയത്.
നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസും പ്രിൻസിപ്പലും ഉൾപ്പെടെ അഞ്ചു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കാൻ പൊലീസിന് ആത്മധൈര്യം ലഭിച്ചതും മുഖ്യമന്ത്രിയുടെ ശക്തമായ പിന്തുണ ഒന്നു കൊണ്ട് മാത്രമായിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ബിസിനസ്സ് സ്ഥാപനങ്ങളും ഡൽഹിയിൽ വരെ ഉന്നതങ്ങളിൽ സ്വാധീനവുമുള്ള കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത സംഭവം സ്വാശ്രയ കോളേജ് ഉടമകളെയാകെ ഇപ്പോൾ ഞെട്ടിച്ചിരിക്കുകയാണ്.
തങ്ങളുടെ സ്ഥാപനത്തിലും ഏതെങ്കിലും തരത്തിലുള്ള സംഭവമുണ്ടായാൽ രക്ഷപ്പെടാൻ ഇനി, പണ-സാമുദായിക – രാഷ്ടീയ സ്വാധീനം കൊണ്ട് കഴിയില്ലല്ലോ എന്നതാണ് പലരുടെയും ഉറക്കം കെടുത്തുന്നത്.
കേസിൽ പ്രതികളായ ആറ് പേരും ഇപ്പോൾ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പല സംഘങ്ങളായി പൊലീസ് റെയ്ഡ് തുടരുകയാണ്.
ജിഷ്ണു കോപ്പിയടിച്ചെന്ന മാനേജ്മെന്റിന്റെ വാദം തള്ളുന്ന പൊലീസ് റിപ്പോർട്ടിൽ പൂർവ്വ വൈരാഗ്യത്തോടെയാണ് മാനേജ്മെന്റ് ജിഷ്ണുവിനോട് പെരുമാറിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷക്ക് ശേഷം കോളേജ് വൈസ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വച്ച് ജിഷ്ണുവിന് മർദ്ദനമേറ്റതായി തെളിഞ്ഞതിനാൽ ഇപ്പോൾ ആത്മഹത്യയായാണ് കേസന്വേഷണമെങ്കിലും കൂടുതൽ തെളിവുകൾ കിട്ടിയാൽ പിന്നീട് ചിത്രം തന്നെ മാറുമെന്നാണ് ലഭിക്കുന്ന സൂചന.
തൃശൂർ റേഞ്ച് ഐജി എം.ആർ അജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ ഇരുങ്ങാലക്കുട എ എസ് പി കിരൺ നാരായണന്റെ നേതൃത്യത്തിലുള്ള സംഘമാണ് കേസന്യേഷിക്കുന്നത്. ഇതിനിടെ എ എസ് പിക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.