തൃശൂർ: പാമ്പാടി നെഹ്റു എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പുറത്തായതിനുപിന്നാലെ നടപടി ശക്തമാക്കി പൊലീസ്.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളിലെ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാണ് പൊലീസ് ശ്രമം തുടങ്ങിയത്. ദൃശങ്ങള്‍ വീണ്ടെടുക്കുന്നതിനായി പൊലീസ് സംഘം ഫോറന്‍സിക് ലാഭിനെ സമീപിച്ചിട്ടുണ്ട്.
.
ജിഷ്ണുവിനെ മർദ്ദിച്ചതായി പറയുന്ന ഇടിമുറിയിലും മൃതദ്ദേഹം കാണപ്പെട്ട സ്ഥലത്തും ഫോറൻസിക് വിഭാഗം വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയിരുന്നു.
കോപ്പിയടിച്ചുവെന്ന് ആരോപിച്ച് ജിഷ്ണുവിനെ മർദ്ദിക്കാൻ കൊണ്ട് പോയത് ഇടിമുറിയിലേക്കാണെന്ന് സഹപാഠികൾ ആരോപിച്ചിരുന്നു.
എ എസ് പി കിരൺ നാരായണന്റെ നേത്യത്വത്തിലാണ് വ്യാഴാഴ്ച കോളേജിൽ പരിശോധന നടന്നത്.വെള്ളിയാഴ്ച കോളേജ് തുറക്കുന്ന സാഹചര്യത്തിൽ തെളിവുകൾ നഷ്ടപ്പെടുമെന്ന ആശങ്കയും ഉയർന്നിരുന്നു.
ജിഷ്ണുവിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നറിയാൻ സി സി ടി വി ദൃശ്യങ്ങൾ സഹായകരമാവുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ജിഷ്ണു മർദ്ദനമേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാൻ ഇപ്പോൾ ലഭിച്ച രക്തക്കറയുടെ ഫോറൻസിക് റിപ്പോർട്ട് മാത്രം ലഭിച്ചാൽ മതി. കേസിലെ നിർണ്ണായക തെളിവാണ് ഇപ്പോൾ ലഭിച്ചതെന്ന് പൊലീസ് സംഘം വ്യക്തമാക്കി.
ഇതിനിടെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട നെഹ്റു കോളേജ് ഗ്രൂപ്പ് ചെയർമാൻ കൃഷ്ണകുമാറിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കൂട്ടു പ്രതികളായ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും അടക്കമുള്ളവർ ഒളിവിലുമാണ്.
ഫോറൻസിക് ഫലത്തിൽ രക്തക്കറ ജിഷ്ണുവിന്റേതാണെന്ന് തിരിച്ചറിഞ്ഞാൽ പ്രതികൾക്കെതിരെ ഇപ്പോൾ ചുമത്തിയ പ്രേരണാകുറ്റത്തിനു പകരം കൊലപാതകത്തിന് കേസെടുക്കേണ്ടിവരും.