തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഐജി മനോജ് എബ്രഹാം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറി.
ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ മഹിജയെ ഡിജിപി ഓഫിസിനു മുന്നില്‍ പൊലീസ് ചവിട്ടിവീഴ്ത്തി വലിച്ചിഴച്ചെന്ന ആരോപണം തള്ളി, സംഭവം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് നടപടിയില്‍ മഹിജയ്‌ക്കോ സഹോദരനോ, മുറിവോ ചതവോ ഇല്ലെന്ന പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന എസ്‌യുസിഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, വി.എസ്.അച്യുതാനന്ദന്റെ മുന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാന്‍, തോക്കുസ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരാണു ഗൂഢാലോചന നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാജര്‍ഖാനാണു മഹിജയ്ക്കും ബന്ധുക്കള്‍ക്കും ടൂറിസ്റ്റ് ഹോമില്‍ താമസമൊരുക്കിയത്. ഇയാളും അവിടെയാണു താമസിച്ചത്. ആ മുറി പരിശോധിച്ചപ്പോള്‍ ജിഷ്ണു സംഭവത്തില്‍ പൊലീസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗമുള്ള സംഘടനയുടെ മുഖപത്രം പൊലീസിനു കിട്ടി.
ഷാജര്‍ഖാനും ജിഷ്ണുവിന്റെ ബന്ധുക്കളും ഇതിനു മുന്‍പുള്ള ദിവസങ്ങളില്‍ പരസ്പരം പലവട്ടം ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ വിളിയുടെ വിശദാംശങ്ങളില്‍ നിന്നു മനസ്സിലായി. എന്നാല്‍, ഷാജഹാനും ഹിമവല്‍ ഭദ്രാനന്ദയും ഗൂഢാലോചനയില്‍ നേരിട്ടു പങ്കെടുത്തതിനു തെളിവു ലഭിച്ചിട്ടില്ല.
ജയിലില്‍ കഴിയുന്ന ഇവര്‍ അഞ്ചുപേരെയും തങ്ങള്‍ക്ക് അറിയില്ലെന്നാണു മഹിജയുടെ ബന്ധുക്കള്‍ ആദ്യം പൊലീസിനോടു പറഞ്ഞത്. എന്നാല്‍, സംഭവദിവസം ആറു പേര്‍ക്കു ഡിജിപിയെ കാണാന്‍ അവസരം ഒരുക്കിയപ്പോള്‍, ഇവരില്ലാതെ തങ്ങള്‍ പോകില്ലെന്നു ബന്ധുക്കള്‍ നിലപാടെടുത്തു.
പൊലീസ് ഹിമവല്‍ ഭദ്രാനന്ദയെ മാറ്റുന്നതു തടയുകയും ചെയ്തു. സംഭവത്തെ തുടര്‍ന്നു ഷാജര്‍ഖാന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൂജപ്പുര സ്റ്റേഷനില്‍ നിന്നു വിട്ടയച്ചെങ്കിലും മഹിജയെയും ബന്ധുക്കളെയും മോചിപ്പിക്കാതെ തങ്ങള്‍ പോകില്ലെന്ന് ഇവര്‍ നിലപാടെടുത്തു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
മഹിജയും ബന്ധുക്കളും സംഭവസ്ഥലത്തേക്കു നടന്നുവരുന്നതു മുതലുള്ള എല്ലാ കാര്യങ്ങളും പൊലീസ് വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. അതും ടിവി ചാനലുകളിലെ ദൃശ്യങ്ങളും പരിശോധിച്ചതില്‍ മഹിജയോടു പൊലീസ് അതിക്രമമൊന്നും ചെയ്തിട്ടില്ലെന്നു വ്യക്തമാണ്.
കൂടെ എത്തിയവരെ പൊലീസ് അപ്പോള്‍ നീക്കംചെയ്തില്ലായിരുന്നെങ്കില്‍ അതു വീഴ്ചയായി ചിത്രീകരിക്കപ്പെടുമായിരുന്നുവെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.