jishnu pranoy’s familly supportig pinaray vijayan’s goverment

തിരുവനന്തപുരം: തലസ്ഥാനത്തേക്ക് തീരുമാനിച്ചുറച്ച് വണ്ടി കയറുമ്പോഴും ജിഷ്ണു പ്രണോയിയുടെ അമ്മയും കുടുംബവും ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചിരുന്നു.

ജിഷ്ണുവും തങ്ങളും വിശ്വസിക്കുന്ന ചുവപ്പന്‍ പ്രത്യേയശാസ്ത്രത്തെ കൈവിടില്ലന്ന് . . ആ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കില്ലന്ന്. .

പതിവ് സമരകേന്ദ്രമായ സെക്രട്ടറിയേറ്റ് വിട്ട് പൊലീസ് ആസ്ഥാനത്തേക്ക് മാത്രമായി പ്രതിഷേധം മാറ്റാന്‍ തീരുമാനിച്ചത് തന്നെ പിണറായി സര്‍ക്കാറിനെതിരായ സമരമായി വ്യാഖ്യാനിക്കപ്പെടാതിരിക്കാനായിരുന്നു.

പൊലീസ് തടഞ്ഞപ്പോഴും വലിച്ചിഴച്ച് കൊണ്ടു പോയപ്പോഴും സര്‍ക്കാറിനെതിരെ പ്രതികരിക്കാതിരിക്കാനും ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും പ്രത്യേകം ശ്രദ്ധിച്ചു.

ചാനല്‍ ചര്‍ച്ചകളില്‍ അവതാരകര്‍ തിരിച്ചും മറിച്ചും ചോദിച്ചിട്ടും തങ്ങള്‍ ആവശ്യപ്പെട്ട ഒരു പാട് കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു തന്നു എന്ന് തുറന്നു പറയാനും അവര്‍ തയ്യാറായി .

സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസിനെതിരെയാണ് പ്രതിഷേധമെന്നാണ് ഒരു ഘട്ടത്തില്‍ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞത്.

മ്യൂസിയം എസ് ഐയില്‍ പ്രതിഷേധം ഒതുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട മറ്റ് ബന്ധുക്കളും സമാന നിലപാടാണ് സ്വീകരിച്ചത്.

ഈ സര്‍ക്കാരിനെതിരെ സമരം നടത്തിയാല്‍ ജിഷ്ണുവിന്റെ ആത്മാവ് പൊറുക്കില്ലന്ന് അമ്മാവന്‍ ശ്രീജിത്ത് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ശ്രീജിത്തിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം:

‘ഞങ്ങള്‍ ഒരിക്കലും സര്‍ക്കാരിനെതിരായി സമരം നടത്തില്ല. ഞങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടി, ഞങ്ങള്‍ ജീവനെപ്പോലെ കണ്ട പാര്‍ട്ടി. ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ജിഷ്ണുവിന്റെ സര്‍ക്കാര്‍. ഈ സര്‍ക്കാരിനെതിരെ സമരം നടത്തിയാല്‍, ജിഷ്ണുവിന്റെ ആത്മാവ് പൊറുക്കില്ല. ഞങ്ങള്‍ ഈ പാര്‍ട്ടിക്കെതിരെ ശബ്ദിച്ചാല്‍, പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ കൊടുത്തവര്‍, ജീവിതം കൊടുത്തവര്‍, രക്തം കൊടുത്തവര്‍ പൊറുക്കില്ല.’

‘ഞങ്ങള്‍ ഒറ്റ ആവശ്യമേ ഉന്നയിക്കുന്നുള്ളു. ജിഷ്ണുവിന് നീതി ലഭിക്കുക. ജിഷ്ണുവിന്റെ കൊന്നവരെ അറസ്റ്റ് ചെയ്യുക. അവരെ അറസ്റ്റ് ചെയാല്‍ ഈ അപമാനം മാറ്റി നിര്‍ത്താം. പൊലീസിലെ ചില ക്രിമിനലുകളാണ് സര്‍ക്കാരിനെതിരെ ഞങ്ങളുടെ സമരത്തെ തിരിക്കുന്നത്. അറസ്റ്റ് വൈകിപ്പിച്ച് ഞങ്ങളെ സര്‍ക്കാരിനെതിരാക്കുകയും, അതുവഴി കേരള സമൂഹത്തില്‍, ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പൊലീസിലെ ചിലര്‍ ശ്രമിക്കുന്നത്.’ശ്രീജിത്ത് തുറന്നടിച്ചു

പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല, ഒരു പക്ഷേ , വാര്‍ത്താ അവതാരകര്‍ പോലും ഈ ഘട്ടത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു മറുപടിയാണിത്.

പൊലീസ് ഇനി പിടികൂടാന്‍ അവശേഷിക്കുന്ന മൂന്നു പ്രതികളെ പിടികൂടുക എന്നതായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യം.അതോടൊപ്പം ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച് അട്ടിമറിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയും കുടുംബം ആവശ്യപ്പെട്ടിരുന്നു.

അതേസമയം മഹിജക്ക് നേരെ നടന്ന അതിക്രമം വിവാദമായ സമയത്ത് തന്നെ തൃശൂരില്‍ പ്രതികളില്‍ ഒരാള്‍ പിടിയിലായി എന്നത് പൊലീസിന്റെ കള്ളക്കളിയിലേക്ക് വെളിച്ചം വീശുന്ന നടപടിയായി മാറിയിട്ടുണ്ട്.

ഏത് ‘ഉന്നതന്‍’ പറഞ്ഞിട്ടാണ് ,ആരാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന ചോദ്യം ഉയരുന്നതും മഹിജയുടെയും മകളുടെയും സഹോദരന്റേയും നിരാഹാരത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതും ഇവിടെയാണ്.

ദുരൂഹ സാഹചര്യത്തില്‍ ജിഷ്ണു കൊല്ലപ്പെട്ടതു മുതല്‍ ദുരൂഹതയും തുടരുകയാണ്.തുടക്കത്തില്‍ കേസന്വേഷിച്ചവര്‍ കാണിച്ച ഗുരുതരമായ വീഴ്ചയാണ് കൃഷ്ണ ദാസിനടക്കം ജാമ്യം ലഭിക്കാന്‍ വഴി ഒരുക്കിയത്.

പ്രാഥമിക നടപടികള്‍ പോലും ജിഷ്ണു മരണ കേസില്‍ അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്വീകരിച്ചിരുന്നില്ല. ഇത് പല സുപ്രധാന തെളിവുകളും നഷ്ടപ്പെടാനും കാരണമായി.

പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റയുടെ ഭാഗത്ത് നിന്നു കര്‍ക്കശ നടപടി വാക്കിലല്ലാതെ പ്രവര്‍ത്തിയിലുണ്ടാവാത്തതാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചക്ക് പ്രധാന കാരണമെന്നാണ്
ജിഷ്ണുവിന്റെ ബന്ധുക്കളുടെ ആരോപണം

അത്‌കൊണ്ട് തന്നെയാണ് ബഹ്‌റയെ ലക്ഷ്യമിട്ട് നേരിട്ട് പരാതി ‘ബോധിപ്പിക്കാന്‍ ‘ തലസ്ഥാനത്തെത്തിയതും.

എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ സമരത്തെ’ ഹൈജാക്ക് ‘ ചെയ്ത് സര്‍ക്കാര്‍ വിരുദ്ധ സമരമാക്കി മാറ്റുന്നതില്‍ ഇവര്‍ക്ക് കടുത്ത അതൃപ്തിയുമുണ്ട്.

എ എസ് പിയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ ടീമിനെ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് നിയോഗിച്ചത് കൊണ്ടാണ് ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന തരത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കാരണമായതെന്ന് ജിഷ്ണുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി തങ്ങള്‍ ആവശ്യപ്പെട്ട ഉദയഭാനുവിനെ നിയമിച്ചതും, കൃഷ്ണദാസിന്റ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയതുമെല്ലാം ഈ പരിതസ്ഥിതിയിലും ചാനല്‍ ചര്‍ച്ചകളില്‍ തുറന്ന് പറയാന്‍ അവര്‍ തയ്യാറായി.

ജിഷ്ണു മരണം വരെ എസ് എഫ് ഐക്കാരനായിരുന്നെങ്കില്‍ അവന്റെ വഴികാട്ടിയായ അമ്മയും മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകയാണ്. മനസ്സിലെ സ്വപ്ന്ങ്ങള്‍ക്കും ഇരുവര്‍ക്കും ചോര ചുവപ്പ് തന്നെയാണ്.

പിണറായിയെ നെഞ്ചിലേറ്റിയ ജിഷ്ണു പ്രണോയി തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ച വാക്കുകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാന്‍ അവന്റെ ദാരുണ മരണത്തിലെ അന്വേഷണപിഴവിലും ആ അമ്മ തയ്യാറായില്ലന്നത് ശ്രദ്ധേയമാണ്.

‘പിണറായി എന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ അഭിമാനിക്കും ,ചിലര്‍ ഭയക്കും . .എതിര്‍പ്പുകളൊക്കെ അവഗണിച്ചേക്കുക. .അഭിമാനം തോന്നുന്നു ഇരട്ട ചങ്കുള്ള ഈ നേതാവിനെയോര്‍ത്ത് ‘

ഫീലിംഗ് പ്രൗഡ് എന്ന് എഴുതിയ ഫേസ് ബുക്ക് പേജില്‍ കഴിഞ്ഞ വര്‍ഷം മെയ് പതിനൊന്നിന് ജിഷ്ണു കുറിച്ച വാക്കുകളാണിത്. പിണറായി എന്ന നേതാവിനോടുള്ള ആരാധന എത്രമാത്രമെന്ന് വ്യക്തമാക്കുന്ന വാക്കുകള്‍. . .

ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയ എതിരാളികള്‍ ഒരു ക്യാംപയിനായി ഈ വാക്കുകളെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ തങ്ങള്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ സംഘടനകള്‍.

ജിഷ്ണുവിന്റെ ചോര വീണ കൃഷ്ണദാസിന്റെ കോളജ് ഇനി കേരളത്തില്‍ വേണ്ടന്ന കടുത്ത നിലപാട് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ സ്വീകരിച്ചപ്പോള്‍ മഹിജയെ ഉപദ്രവിച്ച ഉദ്യോഗസ്ഥരുടെ തലയില്‍ തൊപ്പി കാണില്ലന്നാണ് അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് പ്രതികരിച്ചത്.എസ് എഫ് ഐ സംസ്ഥാന നേതൃയോഗം ചേര്‍ന്നും ജിഷ്ണുവിന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

Top