തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള കേരളത്തിന്റെ ഉത്തരവു കിട്ടിയിട്ടില്ലെന്ന സിബിഐ വാദം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്.
കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള വിജ്ഞാപനവും സിബിഐക്കു വിടണമെന്ന കുറിപ്പും ഓഗസ്റ്റ് 10നു തന്നെ കേന്ദ്ര പഴ്സണല്‍ മന്ത്രലായത്തിന് അയച്ചിരുന്നെന്നും മറിച്ചുള്ള വിശദീകരണങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സിബിഐയെ അല്ല, പഴ്സണല്‍ മന്ത്രാലയത്തെയാണ് അറിയിക്കേണ്ടത്. ഇത് ചെയ്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഒക്ടോബര്‍ 23ന് പഴ്സണല്‍ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് കൂടുതല്‍ ചില വിവരങ്ങള്‍ ആവശ്യപ്പെടുകയാണുണ്ടായത്.
കേരള സര്‍ക്കാരിന്റെ വിജ്ഞാപനം പഴ്സണല്‍ മന്ത്രാലയം സിബിഐയെ അറിയിച്ചില്ലെന്നോ സിബിഐ കോടതിയില്‍ ഇക്കാര്യം മറച്ചുവച്ചന്നോ ആണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതിലേതാണ് സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിശദീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.
ജിഷ്ണു കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് സിബിഐ സുപ്രീംകോടതിയെ അറിയിച്ചത്. സര്‍ക്കാര്‍ ഉത്തരവ് കിട്ടാത്തതുകൊണ്ടു തന്നെ വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഈ വര്‍ഷം ജനുവരി ആറിനാണു ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.