തൃശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുന്നു. ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്‍ക്വസ്റ്റ് സമയത്തെടുത്ത ഫോട്ടോയും തമ്മില്‍ വൈരുദ്ധ്യം.
ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത പുറത്തുകൊണ്ട് വരാന്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കണമെന്ന ആവശ്യവുമായി ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും.
പാതി തുറന്ന നിലയിലായിരുന്നു ജിഷ്ണുവിന് കണ്ണുകള്‍ എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ് സമയത്ത് പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രത്തില്‍ ജിഷ്ണുവിന്റെ രണ്ട് കണ്ണുകളും അടഞ്ഞ് കിടക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഇതിന് നേരെ വിപരീതമാണ്.
ജിഷ്ണുവിന്റെ ഇരു കണ്ണുകളിലും രക്തപാടുകളുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാതി തുറന്ന നിലയിലായതിനാല്‍ കണ്ണില്‍ പൊടി വീണുണ്ടായതാണ് ഈ രക്തപാടുകളെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെറ്റാണെന്നാണ് ഈ ഫോട്ടോ തെളിയിക്കുന്നത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് സമയത്ത് പോലീസ് എടുത്ത ഫോട്ടോകളില്‍ നിന്ന് ജിഷ്ണു പ്രണോയ്ക്ക് മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ കയ്യിലും മറ്റുമുണ്ടായ പാടുകള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ നേരത്തെ തന്നെ ആരോപണമുന്നയിച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന ബന്ധുക്കളുടെ വാദത്തെ സാധൂകരിക്കുന്നതാണ് ഇന്‍ക്വസ്റ്റ് സമയത്തെടുത്ത ഫോട്ടോയും ഇത് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വൈരുദ്ധ്യവും.