ന്യൂഡല്‍ഹി: യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള ഉദ്യോഗാര്‍ഥികളുടെ ഉയര്‍ന്ന പ്രായപരിധി കുറച്ചേക്കുമെന്ന തരത്തില്‍ എത്തിയ വാര്‍ത്ത നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പ്രായപരിധിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നീക്കവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 2022-23ഓടെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് ഉയര്‍ന്ന പ്രായപരിധി 27 ആയി കുറയ്ക്കണമെന്ന ശുപാര്‍ശയുള്ളതായി വാര്‍ത്തകള്‍ എത്തിയിരുന്നു.
നിലവില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി ജനറല്‍ വിഭാഗത്തിന് 32ഉം, ഒ.ബി.സിക്ക് 35ഉം, എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്ക് 37മാണ്.