പാറ്റ്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്കുനേരെ ആക്രമണം. അക്രമികള്‍ മാഞ്ചിയുടെ പൈലറ്റ് വാഹനം അഗ്‌നിക്കിരയാക്കി. എല്‍ജെപി നേതാവ് സുദേശ് പാസ്വാന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമരം നടത്തുന്നവരെ സന്ദര്‍ശിക്കാന്‍പോകും വഴിക്ക് ഗയ ജില്ലയിലെ ഡുമരിയയില്‍വച്ചാണ് മാഞ്ചിക്കുനേരെ ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ എല്‍ജെപി (ലോക് ജനശക്തി പാര്‍ട്ടി) അധ്യക്ഷന്‍ രാം വിലാസ് പാസ്വാന്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. നിതീഷ് കുമാറിന്റെ കാട്ടു നീതിയാണ് സംസ്ഥാനത്ത് നടപ്പാകുന്നത് എന്നതിന്റെ തെളിവാണ് മാഞ്ചിക്കുനേരെ ഉണ്ടായ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. സുദേശ് പാസ്വാന്‍ മാത്രമല്ല എല്‍ജെപിയില്‍ നിന്ന് കൊല്ലപ്പെട്ടത്. മുമ്പും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുദേശ് പാസ്വാനും അദ്ദേഹത്തിന്റെ സഹോദര പുത്രനും ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. നക്‌സലുകളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് നിഗമനം.