ന്യൂഡല്‍ഹി: ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെജെപി (ജനനായക് ജനതാ പാര്‍ട്ടി) പിന്തുണ പ്രഖ്യാപിച്ചതോടെ പാര്‍ട്ടി സ്ഥാപകന്‍ ദുഷ്യന്ത് ചൗട്ടാലയുടെ പിതാവിന് പരോള്‍. തിഹാര്‍ ജയിലില്‍ കഴിയുന്ന ജനനായക് ജനതാ പാര്‍ട്ടി നേതാവ് അജയ് ചൗട്ടാലയ്ക്ക് രണ്ടാഴ്ചയാണ് പരോള്‍ അനുവദിച്ചത്.
മാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനുമാണ് അദ്ദേഹത്തിന് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.ഓഗസ്റ്റില്‍ മാതാവിന്റെ മരണത്തെത്തുടര്‍ന്നും അജയ് ചൗട്ടാലയ്ക്ക് പരോള്‍ ലഭിച്ചിരുന്നു.
ഹരിയാനയിലെ ഏറെ വിവാദമായ അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലാണ് അജയ് ചൗട്ടാലയ്ക്ക് തടവ് ശിക്ഷ വിധിച്ചത്. ഐഎന്‍എല്‍ഡി പ്രസിഡന്റായിരുന്ന അജയ് ചൗട്ടാലയുടെ പിതാവ് ഓം പ്രകാശ് ചൗട്ടാലയും കേസില്‍ ഉള്‍പ്പെട്ടിരുന്നു.
അജയ് ചൗട്ടാലയുടെ മകനായ ദുഷ്യന്ത് ചൗട്ടാല 2018-ലാണ് ഐഎന്‍എല്‍ഡി വിട്ട് ജെജെപി രൂപീകരിച്ചത്. ഹരിയാനയില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിക്കും.