ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ ഭീകരരുടെ വെടിവെപ്പില്‍ രണ്ടുവയസ്സുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ഡാംഗര്‍പുരയിലാണ് സംഭവം.
പരിക്കേറ്റവരെ സോപോരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.
പഴക്കച്ചവടക്കാരന്റെ വീടിനു നേര്‍ക്കാണ് ഭീകരവാദികളുടെ വെടിവെപ്പുണ്ടായത്. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രനടപടിയോടുള്ള പ്രതിഷേധസൂചകമായി കട തുറക്കരുതെന്ന് ഭീകരവാദികള്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഈ മുന്നറിയിപ്പ് ലംഘിച്ചതാണ് ഭീകരവാദികളുടെ വെടിവെപ്പിന് കാരണമായതെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഭീകരരെ താഴ്വരയിലേക്ക് നുഴഞ്ഞുകയറ്റത്തിന് സഹായിച്ച് താഴ്വരയുടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.