ശ്രീനഗര്‍: 370ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കിയതായി റിപ്പോര്‍ട്ട്. 10,000 കോടി രൂപയുടെ നഷ്ടമാണ് വ്യാപാര മേഖലയില്‍ ഉണ്ടായതെന്നാണ് കണക്കുകള്‍. കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് അധികൃതര്‍ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
കശ്മീരിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് പലരും അവരുടെ വ്യാപാരം തന്നെ വേണ്ടെന്നു വച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയോളമായി കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കച്ചവടം വളരെ മോശമാണെന്നാണ് കച്ചവടക്കാരും പറയുന്നത്.
നിലവിലെ അവസ്ഥകള്‍ ഭരണകര്‍ത്താക്കളെ അറിയിച്ചിട്ടുണ്ടെന്നും, ഇപ്പോഴത്തെ സ്ഥിതിഗതികള്‍ തുടര്‍ന്നാല്‍ ഭാവിയില്‍ വ്യാപാര മേഖലയില്‍ വലിയ തിരിച്ചടികള്‍ നേരിടുമെന്നുമാണ് വിവരം.