പഞ്ചർ ഗാർഡ് ടയർ പുറത്തിറക്കി ജെകെ ടയർ

പ്രമുഖ ടയര്‍ നിര്‍മ്മാണ കമ്പനിയായ ജെകെ ടയര്‍ രാജ്യത്തെ ആദ്യത്തെ പഞ്ചര്‍ ഗാര്‍ഡ് ടയര്‍ പുറത്തിറക്കി. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസൃതമായി ടയറുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും ബ്രാന്‍ഡിന് താല്‍പ്പര്യമുണ്ട് എന്നും ഇതിന്റെ ഭാഗമായി രാജ്യത്ത് വില്‍പ്പനയ്ക്കെത്തുന്ന ആധുനിക കാറുകള്‍ക്കായി ബ്രാന്‍ഡ് പുതിയ പഞ്ചര്‍ ഗാര്‍ഡ് ടയറുകള്‍ വികസിപ്പിക്കുകയും പുറത്തിറക്കുകയും ചെയ്തു എന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ പഞ്ചര്‍ ഗാര്‍ഡ് ടയറില്‍ ഒരു സെല്‍ഫ്-ഹീലിംഗ് എലാസ്റ്റോമര്‍ ഇന്നര്‍ കോട്ട് ഉപയോഗിക്കുന്നു. അത് ടയറിന്റെ ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. ഒരു ഓട്ടോമേറ്റഡ് പ്രോസസ്സ് വഴിയാണ് ഇത് പ്രയോഗിക്കുന്നത്. പ്രത്യേകം എഞ്ചിനീയറിംഗ് ചെയ്ത കോട്ടിന് ടയറിലെ പഞ്ചര്‍ എന്തെങ്കിലും സംഭവിച്ചാല്‍ സ്വയം നന്നാക്കാന്‍ കഴിയും. ആറ് മില്ലിമീറ്റര്‍ വരെ വ്യാസമുള്ള പഞ്ചറുകള്‍ ശരിപ്പെടുത്താന്‍ ഇതിന് കഴിയും. പഞ്ചര്‍ ഗാര്‍ഡ് ടയറിന്റെ മുഴുവന്‍ ജീവിതചക്രത്തിനും വായു നഷ്ടമില്ലാതെ അനുഭവം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

നവീകരണത്തിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വികസനത്തിന്റെ കാര്യത്തില്‍ ജെകെ ടയര്‍ എപ്പോഴും മുന്‍നിരയിലാണ് എന്ന് ജെകെ ടയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രഘുപതി സിംഘാനിയ പറഞ്ഞു. 2020-ല്‍ സ്മാര്‍ട്ട് ടയര്‍ സാങ്കേതികവിദ്യയും ഇപ്പോള്‍ പഞ്ചര്‍ ഗാര്‍ഡ് ടയര്‍ സാങ്കേതികവിദ്യയും അവതരിപ്പിച്ചതോടെ, കമ്പനിടെ ഉപഭോക്താക്കള്‍ക്ക് വിപുലമായ മൊബിലിറ്റി സൊല്യൂഷനുകള്‍ നല്‍കാനുള്ള പ്രതിബദ്ധത തങ്ങള്‍ വീണ്ടും അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സാങ്കേതികവിദ്യ വാഹന ഉടമകള്‍ക്ക് ഉയര്‍ന്ന സുരക്ഷയും സൗകര്യവും പ്രദാനം ചെയ്യുന്നു. 2020 ഓട്ടോ എക്സ്പോയില്‍ അനാച്ഛാദനം ചെയ്ത കണ്‍സെപ്റ്റ് ടയറുകളുടെ ഭാഗമാണ് പഞ്ചര്‍ ഗാര്‍ഡ് ടയര്‍ സാങ്കേതികവിദ്യ, ഈ വര്‍ഷം മികച്ച പുതുമകളിലേക്ക് കടക്കാനുള്ള ജെകെ ടയറിന്റെ സംരംഭത്തിന് അനുസൃതമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഉല്‍പ്പന്നം സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ജെകെ ടയര്‍ രാജ്യത്ത് ഉടനീളമുള്ള പുതിയ പഞ്ചര്‍ ഗാര്‍ഡ് ടയറുകള്‍ റോഡില്‍ കര്‍ശനമായി പരീക്ഷിച്ചു എന്നും കമ്പനി പറയുന്നു.

കൂടാതെ, എയര്‍ പ്രഷറും ടയറിന്റെ താപനിലയും പോലുള്ള സുപ്രധാന സവിശേഷതകള്‍ നിരീക്ഷിക്കാനും ഉപഭോക്താവിന് പങ്കിടാനും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ ‘സ്മാര്‍ട്ട് ടയര്‍’ കമ്പനി അടുത്തിടെ പുറത്തിറക്കി. നിലവില്‍, ജെകെ ടയറിന് ലോകമെമ്പാടും 12 ഉല്‍പ്പാദന യൂണിറ്റുകളുണ്ട്. ഇതില്‍ 9 എണ്ണം ഇന്ത്യയിലാണെങ്കിലും, മെക്‌സിക്കോയില്‍ ബ്രാന്‍ഡ് മൂന്ന് പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ ഒന്നിച്ച് പ്രതിവര്‍ഷം ഏകദേശം 35 ദശലക്ഷം ടയറുകള്‍ ഉത്പാദിപ്പിക്കുന്നു.

 

Top