ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപായ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപായ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജിവച്ച സാഹചര്യത്തിലാണ് ചംപായ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറന്‍ മന്ത്രിസഭയില്‍ ഗതാഗത, എസ്സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. ഹേമന്ത് സോറന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഇദ്ദേഹം, ജെഎംഎം സംസ്ഥാന വൈസ് പ്രസിഡന്റ്. അതിനിടെ ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഭരണമുന്നണിയുടെ 39 എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റുമെന്നും വിവരമുണ്ട്.

സരായ്‌കേല മണ്ഡലത്തില്‍നിിന്നുള്ള എംഎല്‍എയാണ് ചംപായ് സോറന്‍. 67 വയസാണ് പ്രായം. ആദിവാസി-പിന്നാക്ക വിഭാഗങ്ങളില്‍ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ബിജെപി സ്വാധീനമുള്ള കൊല്‍ഹാന്‍ മേഖലയില്‍ നിന്നുള്ള നേതാവാണ്. ഈ പ്രദേശത്ത് ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കൂടിയാണ് ചംപായ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ ആലംഗിര്‍ ആലം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആര്‍ജെഡി എംഎല്‍എ സത്യനാന്ദ് ഭോക്തയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ജെഎംഎം അറിയിച്ചു.

ജാര്‍ഖണ്ഡ് എംഎല്‍എമാര്‍ വീണ്ടും ഹൈദരാബാദിലേക്ക് പോകുമെന്നാണ് വിവരം. എംഎല്‍എമാര്‍ റാഞ്ചി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രിയുള്‍പ്പടെ 3 പേര്‍ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ നിലവില്‍ ബിജെപിക്ക് സ്വാധീനം കുറവായതിനാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഒരു പരിധിവരെ തടയാനാവുമെന്ന കണക്കുകൂട്ടലാണ് സംസ്ഥാനത്തെ നേതാക്കള്‍ക്കുള്ളത്.

Top