ഡല്‍ഹി പൊലീസിന്റേത് എ.ബി.വി.പിയുടെ ഭാഷ; വിദ്യാര്‍ത്ഥി യൂണിയന്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും ക്യാമ്പസിനുള്ളില്‍ കയറി മുഖമൂടി ധാരികള്‍ അക്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ത്ഥി യൂണിയന്‍. എബിവിപിക്കാര്‍ക്ക് വേണ്ടിയാണ് കേസ് അന്വേഷിക്കുന്നത് എന്നതു പോലെയായിരുന്നു ഡല്‍ഹി പൊലീസിന്റെ വാര്‍ത്താസമ്മേളനമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു.ജെഎന്‍യു സര്‍വ്വകലാശാലയില്‍ അക്രമം നടത്തിയ എബിവിപി പ്രവര്‍ത്തകരുടെ പേരുകളും വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തുവിട്ടു.

ഇതു വരെ ഒരു അറസ്റ്റ് പോലും രേഖപ്പെടുത്താത്ത പൊലീസിന്റേത് എ.ബി.വി.പിയുടെ ഭാഷയാണ് എന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ ആരോപിച്ചു. കേസുകള്‍ കെട്ടിച്ചമച്ചും അവഗണിച്ചും സമരത്തെ ഇല്ലാതാക്കാനാകില്ലന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ജെ.എന്‍.യുവിലെ എ.ബി.വി.പി ആക്രമണം നടന്ന് ആറു ദിവസം കഴിഞ്ഞ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ രൂക്ഷമായി കേന്ദ്രസര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ച് രംഗത്ത് വന്നത്.

അക്രമവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനയാണ് നടന്നതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷെ ഘോഷ് ആരോപിച്ചു. ഹോസ്റ്റലിലുള്ളവരുടെ അവസ്ഥ നോക്കാനാണ് താനുള്‍പ്പെടെയുള്ളവര്‍ ഹോസ്റ്റലില്‍ പോയത്. എന്നാല്‍ ആ സമയത്ത് സെക്യൂരിറ്റി ജീവനക്കാരോ പൊലീസോ അവിടെ ഉണ്ടായിരുന്നില്ല. പുറത്തു നിന്ന് ഗുണ്ടകള്‍ വന്ന് ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും ഐഷെ ഘോഷ് ആരോപിച്ചു.

പൊലിസും എബിവിപിയും സര്‍വ്വകലാശാല അഡ്മിനിസ്‌ട്രേഷനും ഒത്തു കളിച്ചു. അഞ്ചാം തീയതി സെര്‍വര്‍ ഡൗണായിരുന്നു എന്ന് പറയുന്നത് കള്ളമാണ്. ഇത് സംബന്ധിച്ച് തെളിവുകളുണ്ടെന്നും ഐഷെ ഘോഷ് പറഞ്ഞു.

അതിനിടെ ആക്ടിവിസ്റ്റുകള്‍ ആയ വിദ്യാര്‍ത്ഥികളാണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് വിസി കുറ്റപ്പെടുത്തി. ക്യാമ്പസിലെ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ഹോസ്റ്റലുകളില്‍ സുരക്ഷാ പരിശോധന നടത്താന്‍ വാര്‍ഡന്‍മാര്‍ക്ക് വി.സി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് ഒരുവിഭാഗം മുഖംമൂടി ധാരികള്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച് അക്രമം അഴിച്ചുവിട്ടത്. എബിവിപിയാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിക്കുന്നത്. അക്രമത്തില്‍ 34ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തല അക്രമികള്‍ അടിച്ചുപൊട്ടിച്ചിരുന്നു.

Top