ന്യൂഡല്‍ഹി: ജെ.എന്‍യു അക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് തുറന്ന് സമ്മതിച്ച് എബിവിപി നേതാവ്. കഴിഞ്ഞ ഞായറാഴ്ചയാണ് മുഖം മൂടി ധരിച്ചെത്തിയ ആയുധ ധാരികള്‍ ജെ.എന്‍യുവിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അതിക്രൂരമായി അക്രമിച്ചത്. ഇതില്‍ രാജ്യമെമ്പാടും പ്രതിഷേധവും ഉയരുകയാണ്. എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ജെ.എന്‍യു വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുറന്ന് പറച്ചിലുമായി എബിവി രംഗത്തെത്തിയിരിക്കുന്നത്. എബിവിപി ഡല്‍ഹി ജോയിന്റ് സെക്രട്ടറി അനിമ സൊന്‍കറാണ് ഒരു ദേശീയ ചാനലില്‍ ചര്‍ച്ചയ്ക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ടു യുവാക്കള്‍ ആയുധങ്ങളുമേന്തി നില്‍ക്കുന്ന ചിത്രം കാട്ടി അവരുടെ എബിവിപി ബന്ധം സ്ഥാപിച്ചപ്പോള്‍, സ്വയരക്ഷയ്ക്കു വേണ്ടിയാണ് അവര്‍ ആയുധങ്ങള്‍ കൈയില്‍ കരുതിയതെന്ന് എബിവിപി നേതാവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, വാട്‌സ്ആപ്പില്‍ സംഘടിക്കാന്‍ സന്ദേശം നല്‍കിയപ്പോള്‍ തന്നെ ആയുധവും കരുതണമെന്നു നിര്‍ദേശിച്ചിരുന്നതായും ഇവര്‍ വെളിപ്പെടുത്തി.
#JNUHiddenTruth | Listen in: ABVP Delhi State Jt Secretary ‘explains’ the video of alleged ABVP violence in JNU. | @thenewshour AGENDA with Padmaja Joshi. pic.twitter.com/eiYgZIn531
— TIMES NOW (@TimesNow) January 6, 2020
എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഭീതിയിലായിരുന്നു. പുറത്തിറങ്ങിയാല്‍ സംഘമായോ ആയുധങ്ങളേന്തിയോ പുറത്തിറങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. വടി, പെപ്പര്‍ സ്‌പ്രേ, ആസിഡ് അങ്ങനെ കൈയില്‍കിട്ടുന്നത് എന്തും കരുതാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ആസിഡ് ആക്രമണം സംബന്ധിച്ചു തനിക്ക് ഇതുവരെ കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും എബിവിപി നേതാവ് ചര്‍ച്ചയ്ക്കിടെ പറഞ്ഞു.