ന്യൂഡല്‍ഹി കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന എബിവിപി ആക്രമണം ആസൂത്രിതമാണെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാര്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്തുവെന്നും ഐഷി പറഞ്ഞു.
30ഓളം പേര്‍ വളഞ്ഞുവച്ചാണ് ഇരുമ്പ് വടികള്‍കൊണ്ട് മര്‍ദ്ദിച്ചത്. വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്തിയശേഷമാണ് അക്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടാനോ അക്രമികളെ തടയാനോ ശ്രമിച്ചില്ല. പലതവണ തനിക്ക് വടികൊണ്ടുള്ള അടിയേറ്റു. വിദ്യാര്‍ഥികള്‍ക്കെതിരെ ഉപയോഗിച്ച ഓരോ ഇരുമ്പ് വടിക്കും ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയും മറുപടി നല്‍കുമെന്നും ഐഷി ഘോഷ് പറഞ്ഞു.
ജെഎന്‍യുവിന്റെ സംസ്‌കാരം നഷ്ടപ്പെടില്ല. ജനാധിപത്യ സംസ്‌കാരം ജെഎന്‍യു ഉയര്‍ത്തിപ്പിടിക്കുമെന്നും അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഐഷി മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥികളെയും അധ്യാപകരെയും സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത വൈസ് ചാന്‍സ്ലര്‍ ജഗദേഷ് കുമാര്‍ രാജിവെക്കണം. ആര്‍എസ്എസ് അനുഭാവികളായ ചില അധ്യാപകര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായ ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കെതിരായ സമരം പൊളിക്കുന്നതിനുവേണ്ടി അക്രമം പ്രോത്സാഹിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും ഐഷി ഘോഷ് പറഞ്ഞു.
ജെഎന്‍യുവില്‍ ഞായറാഴ്ച ഉണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഐഷി ഘോഷ് അടക്കമുള്ള 34 വിദ്യാര്‍ഥികള്‍ ഇന്നാണ് ആശുപത്രി വിട്ടത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലും സഫ്ദര്‍ജങ് ഹോസ്പിറ്റലിലും ചികിത്സയിലായിരുന്നു അവര്‍. അതിനിടെ പോലീസിന്റെ സഹായം തേടാന്‍ രണ്ട് മണിക്കൂറോളം ശ്രമിച്ചുവെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് ജെഎന്‍എസ്യു വൈസ് പ്രസിഡന്റ് സാകേത് മൂണ്‍ ആരോപിച്ചു.