ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നഹ്‌റു സര്‍വകലാശലയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് പാകിസ്താനിലെ തീവ്രവാദി നേതാവ് ഹാഫിസ് സയീദിന്റെ പേരില്‍ ട്വീറ്റ് സന്ദേശം വന്നതിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം.
‘ജെ.എന്‍.യു വിദ്യാര്‍ഥികളെ പിന്തുണക്കാന്‍ പാകിസ്താനിലെ സഹോദരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’ എന്ന സന്ദേശമാണ് സയീദിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടത്. സന്ദേശം അക്രമത്തിന് പ്രേരണ നല്‍കുമോയെന്ന ആശങ്കയെത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതിനിടെ, വ്യാജസന്ദേശം വൈകാതെ അജ്ഞാതര്‍ പിന്‍വലിച്ചു.
യാക്കൂബ് മേമന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷയില്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ഒടുവില്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് കന്‍ഹായിയ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ സര്‍വകലാശാലയില്‍ പ്രതിഷേധം തുടരുകയാണ്.
പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ 2014ലാണ് തൂക്കിലേറ്റിയത്. ഇതിന്റെ ഓര്‍മ പുതുക്കല്‍ ദിനത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പരിപാടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായാണ് ആരോപണം. ബി.ജെ.പി അനുകൂല സംഘടനയാണ് ഇക്കാര്യം പോലീസില്‍ പരാതിപ്പെട്ടത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്താനത്തിലെ പ്രവര്‍ത്തകനാണ് അറസ്റ്റിലായ കന്‍ഹായിയ കുമാര്‍.