ന്യൂഡല്‍ഹി: കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ക്യാംപസില്‍ പോസ്റ്റര്‍. സംഭവം കോളെജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോസ്റ്റര്‍ നീക്കം ചെയ്തു.
‘കശ്മീരിന് സ്വാതന്ത്ര്യം. പലസ്തീനെ സ്വതന്ത്രമാക്കുക. ജീവിക്കാനുള്ള സ്വയം അവകാശം’ എന്നാണ് പോസ്റ്ററിലെഴുതിയിരിക്കുന്നത്. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പുതിയ ബ്ലോക്കിലാണ് പോസ്റ്റര്‍ കണ്ടത്.
തീവ്രഇടതുപക്ഷ സംഘടനയായ ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന്റെ (ഡിഎസ്യു) പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ക്യാംപസില്‍ അഫ്സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ച ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ ഈ സംഘടനയിലെ അംഗങ്ങളായിരുന്നു. 2016 ഫെബ്രുവരി 9ന് സംഘടിപ്പിച്ച യോഗത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള ചുമത്തിയിരുന്നു.