വിസിയെ പുറത്താക്കാതെ പിന്മാറില്ല, സമരം തുടരും; കടുത്ത നിലപാടില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍

മരമുഖത്ത് നിന്നും പിന്മാറാന്‍ തയ്യാറാകാതെ ജെഎന്‍യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. വൈസ് ചാന്‍സലറെ മാറ്റുക എന്നത് വിദ്യാര്‍ത്ഥികളുടെ അടിയന്തര ആവശ്യമാണ് അതിനാല്‍ തന്നെ അദ്ദേഹത്തെ മാറ്റുന്നതുവരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് പറയുന്നത്.

ഇത്രയും വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി അക്രമത്തിന് ഇരയാക്കിയത് വിസിയുടെ അനാസ്ഥയാണ്. നിലവിലെ വിസിയില്‍ നിന്ന് നീതി കിട്ടില്ലെന്ന് ഉറപ്പാണെന്നും ഐഷെ വ്യക്തമാക്കി. മുഖമൂടി ധാരികളുടെ ആക്രമണത്തിനിരയായി താന്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുമ്പോള്‍ കാണാനോ കാര്യമന്വേഷിക്കാനോ വിസി തയാറായില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിസിയെ പുറത്താക്കണം. അക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഐഷെ ഘോഷ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ഡല്‍ഹി പൊലീസിന് പ്രതികളെ കൃത്യമായി അറിയാമെങ്കിലും ഇതുവരെ നടപടി സ്വീകരിക്കാത്തതില്‍ സംശയം ഉണ്ടെന്നാണ് യൂണിയന്റെ ആരോപണം.

Top