ന്യൂഡല്‍ഹി: ജെ.എന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ അക്രമണം ആസൂത്രിതമെന്ന് കോണ്‍ഗ്രസ് വസ്തുത അന്വേഷണ സമിതി റിപ്പോര്‍ട്ട്. അക്രമത്തില്‍ ജെഎന്‍യുവിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഏജന്‍സി, വൈസ് ചാന്‍സലര്‍, ഡല്‍ഹി പൊലീസ്, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍ക്ക് പങ്കുള്ളതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
അതേസമയം എസ്എഫ്‌ഐയും ആക്രമണ പരമ്പരയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കാമ്പസില്‍ കടന്നത് ആയുധധാരികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ചു മര്‍ദിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ ഒത്താശ ചെയ്തുകൊടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
സമരം നേരിടുന്നതില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനും വീഴ്ച പറ്റി. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ജെഎന്‍യു വിസിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
പത്ത് മണിക്കൂര്‍ കാമ്പസില്‍ തെളിവെടുപ്പ് നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പത്ത് മണിക്കൂര്‍ കാമ്പസില്‍ തെളിവെടുപ്പ് നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സുസ്മിത ദേവ്, രാജ്യസഭ എംപിയും ജെഎന്‍യു പൂര്‍വ വിദ്യാര്‍ഥിയുമായ നസീര്‍ ഹുസൈന്‍, അമൃത ധവാന്‍, ഹൈബി ഈഡന്‍ എംപി എന്നിവരാണ് സമിതി അംഗങ്ങള്‍. റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്കും കെസി വേണുഗോപാലിനും കൈമാറി.