ന്യൂഡല്‍ഹി: ജെഎന്‍യുവിലെ സംഘര്‍ഷത്തില്‍ വിശദീകരണവുമായി സര്‍വകലാശാല അധികൃതര്‍. രാമനവമി ദിനത്തിലെ പൂജയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് ജെഎന്‍യു അഡ്മിനിട്രേഷന്‍ പ്രതികരിച്ചു. പൂജ ഒരു വിഭാഗം എതിര്‍ത്തെന്നും ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിച്ചെന്നുമാണ് ജെഎന്‍യു അഡ്മിനിട്രേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. എബിവിപി വാദം ആവര്‍ത്തിക്കുക മാത്രമാണ് അഡ്മിനിട്രേഷന്‍ ചെയ്‌തെന്നും യഥാര്‍ത്ഥ സംഭവങ്ങള്‍ മറച്ചുവെക്കുകയാണെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ വിമര്‍ശിച്ചു.
അതേസമയം, സംഘര്‍ഷത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനും ഇടതു വിദ്യാര്‍ത്ഥി സംഘടനകളും നല്‍കിയ പരാതിയിലാണ് ദില്ലി പൊലീസ് കേസെടുത്തത്. മാംസഹാരം വിളമ്പുന്നതിനെ ചൊല്ലി എബിവിപി പ്രവര്‍ത്തകരും മറ്റു വിദ്യാര്‍ത്ഥികളും തമ്മിലുള്ള തര്‍ക്കമാണ് ഇന്നലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. വൈകുന്നേരം നടന്ന കല്ലേറില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ ആക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷന്‍ വിദ്യാര്‍ത്ഥികള്‍ പുലര്‍ച്ച വരെ ഉപരോധിച്ചിരുന്നു. ഞായറാഴ്ച ഹോസ്റ്റലുകളില്‍ മാംസഹാരം വിളമ്പുന്നത് തടഞ്ഞ എബിവിപി പ്രവര്‍ത്തകര്‍ ക്യാമ്പില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എബിവിപിയുടെ ആരോപണം. സംഭവത്തില്‍ എബിവിപിയും ദില്ലി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.