ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവില്‍ അധികൃതര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഹോസ്റ്റല്‍ സിംഗിള്‍ റൂമിന് 20 രൂപ മാസവാടകയുണ്ടായിരുന്നത് 600 രൂപയായിട്ടായിരുന്നു വര്‍ദ്ധിപ്പിച്ചിരുന്നത് ഇത് 200 രൂപയാക്കി മാറ്റി. ഡബിള്‍ റൂമിന്റെ മാസവാടക 10 രൂപയില്‍ നിന്ന് മുന്നൂറ് രൂപയാക്കിയത് 100 രൂപയാക്കിയും കുറച്ചു.
ഡ്രസ്കോഡും ഹോസ്റ്റൽ പ്രവേശനസമയവും സംബന്ധിച്ച വിവാദ നിർദ്ദേശങ്ങൾ പിൻവലിച്ചതായും രജിസ്ട്രാർ പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. ജെഎന്‍യു എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. എന്നാല്‍ യൂട്ടിലിറ്റി ചാര്‍ജുകളുടെയും സര്‍വ്വീസ് ചാര്‍ജുകളും കുട്ടികളില്‍ നിന്ന് ഈടാക്കും.
ഹോസ്റ്റല്‍ ഫീസ് അഞ്ച് ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചതിനെതിരെ 15 ദിവസത്തിലധികമായി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉള്‍പ്പടെ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തി.
പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പറഞ്ഞെങ്കിലും അംഗീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. വൈസ് ചാന്‍സലറെ കാണാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍.