ജെഎന്‍യു കാറ്റ് കേരളത്തിലും ആഞ്ഞടിക്കുന്നു; കേന്ദ്രമന്ത്രിക്ക് നേരെ പ്രതിഷേധം

തേഞ്ഞിപ്പലം: കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സഞ്ജയ് ധോത്രെക്ക് നേരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് 15 ഓളം എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പുതിയതായി നിര്‍മിച്ച ടീച്ചേഴ്സ് ട്രെയിനിങ് സെന്റര്‍ കെട്ടിടത്തിടത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി എത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐ പ്രതിഷേധിച്ചത്. ഹോസ്റ്റല്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുക്കൊണ്ടാണ് കേന്ദ്ര മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.

ക്യാമ്പസിലെ ഇ.എം.എസ്. ഹാളിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. സദസ്സിലിരുന്ന പ്രവര്‍ത്തകര്‍ മന്ത്രി സംസാരിക്കാനെണീറ്റപ്പോള്‍ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജെഎന്‍യു അധികൃതര്‍ തന്നെ പ്രശ്‌നം പരിഹരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പരിധി ലംഘിക്കരുതെന്നും ധോത്രെ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top