ന്യൂയോര്‍ക്ക്: രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥിയൂണിയന്‍ നേതാവ് കനയ്യകുമാറിനെ പിന്തുണച്ച് അമേരിക്കയിലെ ഇന്ത്യന്‍വിദ്യാര്‍ത്ഥികളും. കനയ്യകുമാറിനോട് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലേയും കോപ്പര്‍ യൂണിയന്‍ കോളേജിലേയും വിദ്യാര്‍ത്ഥികളാണ് ന്യൂയോര്‍ക്ക് ചത്വരത്തില്‍ ഒത്തുകൂടിയത്.
കനയ്യകുമാറിന്റെ അറസ്റ്റിനെക്കുറിച്ച് അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ബോധവത്കരണം നടത്തുകയാണ് ഇത്തരമൊരു കൂട്ടായ്മയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. കാലഹരണപ്പെട്ട രാജ്യദ്രോഹ നിയമത്തിന്റെ പിന്തുണയോടെയാണ് കനയ്യകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി കനയ്യകുമാറിന്റെ പ്രസംഗവും വിദ്യാര്‍ത്ഥികള്‍ വായിച്ചു. ഇത്തരമൊരു പ്രസംഗം എങ്ങനെ രാജ്യദ്രോഹത്തിന് കാരണമാകുമെന്നും വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സര്‍വ്വകലാശാലയിലെ ചില അധ്യാപകരും പ്രതിഷേധ പ്രകടത്തിന് എത്തിയിരുന്നു.