ജെ.എന്‍.യുവിലെ നരനായാട്ടില്‍ എബിവിപിക്ക് ക്ലീന്‍ചിറ്റ് നല്‍കി നിത്യാനന്ദ റായ്

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖംമൂടി ധാരികള്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തില്‍ എബിവിപിക്ക് ക്ലീന്‍ചിറ്റ് നല്‍കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ജെ.എന്‍.യുവില്‍ നടന്ന നരനായാട്ടില്‍ ബിജെപിക്കോ അതിന്റെ പോഷക സംഘടനകള്‍ക്കോ അക്രമത്തില്‍ പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി അനുബന്ധ സംഘടനകള്‍ അക്രമം നടത്താന്‍ കഴിവുള്ളവരല്ലെന്ന് മന്ത്രി പറഞ്ഞു. അക്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയ ഘട്ടത്തിലാണ് മന്ത്രി ക്ലീന്‍ ചിറ്റ് നല്‍കി രംഗത്തുവന്നത്. ഡല്‍ഹി പോലീസിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണ്. സാങ്കേതികമായി കേസ് അന്വേഷിക്കുന്ന പോലീസ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന നിലയില്‍ നിത്യാനന്ദ റായ്ക്കാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം നടക്കുന്നവേളയില്‍ തന്നെ മന്ത്രിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Top