ന്യൂഡല്‍ഹി:ജഹവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ ഹാജരാക്കിയ ഡല്‍ഹി പട്യാല ഹൗസ് കോടതിയ്ക്ക് മുന്നില്‍ വീണ്ടും സംഘര്‍ഷം.
കനയ്യ കുമാറിനെ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നവരുമായ അഭിഭാഷകര്‍ ഇന്ത്യന്‍ പതാക കയ്യിലേന്തിയും മുദ്രാവാക്യം വിളിച്ചുമാണ് കോടതിയിലേക്ക് എത്തിയത്.
കഴിഞ്ഞ ദിവസം മര്‍ദ്ദനം അഴിച്ചുവിട്ട അതേ ബിജെപി അനുകൂല അഭിഭാഷകര്‍ തന്നെ വീണ്ടും മര്‍ദ്ദിച്ചതായി മാദ്ധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. വിക്രം ചൗഹാന്‍ എന്ന അഭിഭാഷകന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ അഭിഭാഷകരായിരുന്നു ആക്രമണം അഴിച്ചു വിട്ടത്. ഇവര്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ തല്ലിത്തകര്‍ത്തു.
ഇന്ന് കോടതിയില്‍ വന്ദേമാതരം മുഴക്കിയ രാജീവ് ടാഡാക്ക് എന്ന അഭിഭാഷകനെ കോടതി താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കനയ്യ കുമാറിനെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റിരുന്നു.
ഈ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകരെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. അഭിഭാഷകര്‍ക്ക് എങ്ങനെ നിയമം കയ്യിലെടുക്കാന്‍ കഴിയുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു. തീവ്രനിലപാടുകള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്നും, എല്ലാവരും മിതത്വം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.കോടതിനടപടികള്‍ ജനങ്ങളിലെത്തണമെന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.