JNU row: Kanhaiya Kumar moves SC for bail, hearing tomorrow

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിയ്ക്കും. ഇന്നാണ് കനയ്യ ജാമ്യഹര്‍ജി നല്‍കിയത്.

പ്രശസ്ത അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജിയായിരിക്കും കനയ്യ കുമാറിനുവേണ്ടി ഹാജരാകുക.

മുതിന്ന അഭിഭാഷകന്‍ രാജു രാജമചന്ദ്രനാണ് സുപ്രീംകോടതിയില്‍ കനയ്യക്ക് വേണ്ടി ജാമ്യഹര്‍ജി നല്‍കിയതെങ്കിലും അഭിഭാഷക സംഘത്തെ നയിക്കുന്നത് സോളി സൊറാബ്ജിയായിരിക്കും.

മാര്‍ച്ച് 2 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായ കനയ്യ കുമാര്‍ തിഹാര്‍ ജയിലില്‍ പ്രത്യേക സെല്ലിലാണുള്ളത്. കോടതി നിര്‍ദ്ദേശപ്രകാരം കനയ്യയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ രാജ്യദ്രോഹക്കുറ്റം പോലീസ് ഒഴിവാക്കിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാമ്പസിനുള്ളില്‍ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം.

കനയ്യ കുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, പോലീസിന്റെ കൈവശമുള്ള ദൃശ്യങ്ങളില്‍ ശബ്ദം വ്യക്തമല്ലെന്നാണ് സൂചന. അതിനാല്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് വ്യക്തമായ തെളിവ് ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞേക്കില്ല.

സുപ്രീം കോടതി നിയമിച്ച അഭിഭാഷക കമ്മീഷനും ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാറും പട്യാല ഹൗസ് കോടതിയിലെ അക്രമം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡല്‍ഹി പൊലീസ് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കും. ഇതിനിടെ കോടതിയ്ക്ക് മുന്നില്‍ സിപിഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച ബിജെപി എംഎല്‍എ ഒ.പി ശര്‍മ്മ പൊലീസിന്റെ സമന്‍സ് പ്രകാരം ഹാജരായി.

Top