ന്യൂഡല്‍ഹി: വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ പാട്യാല കോടതിയില്‍ ഹാജരാക്കിയപ്പോഴുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.
ഇതിനിടെ കോടതിയിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റതായും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ ഒ.പി. ശര്‍മ പൊലീസില്‍ പരാതി നല്‍കി.
എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായുള്ള വൈദ്യ പരിശോധനയില്‍ കാര്യമായ പരുക്കുകളൊന്നും ശര്‍മ്മക്കില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസി പറഞ്ഞു. ശര്‍മയുടെ നേതൃത്വത്തിലാണ് കോടതിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. സര്‍വകലാശാല അധ്യാപകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
ഇതിനിടെ ഇന്നലെ നടന്ന സംഘര്‍ഷത്തെ ശര്‍മ ന്യായീകരിച്ചു. നിങ്ങളുടെ തലയ്ക്ക് ആരെങ്കിലും അടിച്ചാല്‍ സ്വാഭാവികമായും പ്രതികരിക്കും. ഇതാണ് കോടതിയില്‍ നടന്നതെന്ന് ശര്‍മ പറഞ്ഞു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കോടതിയിലുള്ളപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് വിദ്യാര്‍ഥികളും അധ്യാപകരും ആരോപിച്ചിരുന്നു.