ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസില്‍ ഇന്നലെ രാത്രി പൊലീസിന് കീഴടങ്ങിയ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദിനേയും അനിര്‍ഭന്‍ ഭട്ടാചാര്യയേയും അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാണ് ചോദ്യം ചെയ്തത്.
ഉമര്‍ ഖാലിദിനൊപ്പം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച രാമ നാഗ, അശുതോഷ് കുമാര്‍, അനന്ത് പ്രകാശ് എന്നീ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലുണ്ടെങ്കിലും കീഴടങ്ങിയിട്ടില്ല.
അറസ്റ്റ് ഒഴിവാക്കാന്‍ ഇടപെടണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങാന്‍ തയ്യാറായത്.
ഇന്നലെ രാത്രി സര്‍വകലാശാല ക്യാമ്പസിന് പുറത്തിറങ്ങിയ ഇവര്‍ കീഴടങ്ങുകയായിരുന്നു. സൗത്ത് ക്യാമ്പസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ് ഇരുവരും. ഖാലിദും ഭട്ടാചാര്യയും ക്യാമ്പസിന് പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഇവരെ മാദ്ധ്യമങ്ങള്‍ പിന്തുടരുന്നത് തടയാന്‍ വിദ്യാര്‍ത്ഥികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു.