ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ കനയ്യ കുമാറും ഉമര്‍ ഖാലിദും ദേശ ദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ഇവരുള്‍പ്പെടെ നാലു പേരെയാണ് ഫെബ്രുവരി ഒമ്പതിന് ക്യാമ്പസില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ കനയ്യ കുമാറിന് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു.
കനയ്യയും ഉമറും മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്നാണ് ഡല്‍ഹി സര്‍ക്കാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷ നല്‍കിയ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങിനിടെ ദേശദ്രോഹ മുദ്രാവാക്യങ്ങളുയര്‍ന്നു എന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. രണ്ടുപേര്‍ക്കുമെതിരെ സാക്ഷിമൊഴികളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടക്കത്തില്‍ തന്നെ ഡല്‍ഹി പോലീസിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും നിലപാടിനെതിരെ നിലയുറപ്പിച്ച ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരാണ് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടത്.
ഉമര്‍ ഖാലിദിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിലാണ് പാകിസ്താന്‍ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ന്നതെന്നാണ് പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വീഡിയോയില്‍ ഈ മുദ്രാവാക്യം കേള്‍ക്കാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കശ്മീരികള്‍ പോരാട്ടം തുടര്‍ന്നോളൂ, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് എന്ന ഉമര്‍ ഖാലിദ് പറയുന്നതായി വീഡിയോയിലുണ്ട്. കശ്മീര്‍ പ്രശ്‌നത്തില്‍ ഉമറിന്റെ നിലപാട് നേരത്തേ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന ക്യാമ്പസിന് പുറത്തുള്ളവരേപ്പറ്റി അന്വേഷണം നടത്തണം. മുഖം മറച്ച നിലയിലുള്ള ഇവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തുന്നുണ്ടെന്നും ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലുണ്ട്.
മറ്റ് രണ്ട് വിദ്യാര്‍ത്ഥികളായ അനിര്‍ബന്‍ ഭട്ടാചാര്യയും അശുതോഷും രാജ്യ ദ്രോഹ മുദ്രാവാക്യമുയര്‍ത്തിയിരിക്കാമെന്ന് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതിയില്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഏഴ് വീഡിയോ ദൃശ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. സീന്യൂസ് പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി നേരത്തേ ആരോപണമുണ്ടായിരുന്നു.