ജെഎന്‍യു സമരം ഇരുപത്തിയേഴാം ദിവസത്തില്‍; വിദ്യാർഥികളുടെ രണ്ടാം പാർലമെന്റ് മാർച്ച് ഇന്ന്

ന്യൂഡല്‍ഹി : ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ ജെ എന്‍ യു വിദ്യാര്‍ത്ഥികളുടെ സമരം ഇരുപത്തിയെഴാം ദിവസത്തിലേക്ക് കടന്നു. സമരത്തിന്റെ ഭാഗമായി ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ പതിനൊന്ന് മണിക്ക് മണ്ഡി ഹൗസില്‍ നിന്ന് മാര്‍ച്ച് തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.

കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി ജെ.എൻ.യു വിദ്യാർഥികളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ ധാരണയാകാത്തതിനാലാണ് മാർച്ചുമായി മുന്നോട്ടു പോകാൻ വിദ്യാർഥികൾ തീരുമാനിച്ചത്. പുതിയ ഫീസ് ഘടന അംഗീകരിക്കണമെന്ന വാദമാണ് ഇന്നലെ ജെ.എൻ.യു വിദ്യാർഥികളുമായി നടത്തിയ ചർച്ചയിൽ ഉന്നതാധികാര സമിതി മുന്നോട്ടു വെച്ചത്.

അതേസമയം ഹോസ്റ്റൽ കരട് നിയമാവലി അംഗീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു വിദ്യാർഥികൾ. ചർച്ച ധാരണയാകാതെ പിരിഞ്ഞതോടെയാണ് സമരവുമായി മുന്നോട്ടുപോകാൻ വിദ്യാർഥികൾ തീരുമാനിച്ചത്.

കഴിഞ്ഞ തവണ നടത്തിയ പാർലമെന്‍റ് മാർച്ചിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അന്ധവിദ്യാർത്ഥികളെ അടക്കം പൊലീസ് തല്ലിയതിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ കൗൺസിലർ വിഷ്ണുപ്രസാദ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

Top