ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പുകഴ്ത്തി ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് വീണ്ടും വിവാദത്തില്‍. രാജ്യദ്രോഹ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഉമര്‍, വാനിയെ ചെഗുവേരയുമായ് ഉപമിച്ചാണ് വിവാദത്തിലായിരിക്കുന്നത്.
”മറ്റൊരാള്‍ എന്റെ തോക്കെടുത്ത് ആക്രമണം തുടങ്ങുന്നതിനു മുമ്പേ ഞാന്‍ വീണു പോയാല്‍ അതു ഞാന്‍ കാര്യമാക്കുന്നില്ല. ഇത് ചെഗുവേരയുടെ വാക്കുകളാണ്. ഇതു തന്നെയായിരിക്കാം ബുര്‍ഹാന്‍ വാനിയുടേയും .”
ഉമര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ”ബുര്‍ഹാന്‍ മരണത്തെ ഭയപ്പെട്ടിരുന്നില്ല, ആരുടെയെങ്കിലും അധീനതയില്‍ ജീവിക്കാനായിരുന്നു അയാള്‍ക്ക് ഭയം. അതിനെ ബുര്‍ഹാന്‍ വെറുത്തു.
ഒരു സ്വതന്ത്ര മനുഷ്യനായി അയാള്‍ ജീവിച്ചു. സ്വതന്ത്രനായി മരിച്ചു.” പോസ്റ്റില്‍ വാനിയുടെ ധീരതയെ പുകഴ്ത്തുന്നുമുണ്ട് ഉമര്‍.
മുമ്പ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിലായ ഉമറിന്റെ ബുര്‍ഹാനെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി സംഘടന രംഗത്തെത്തിയിട്ടുണ്ട്.
”അഫ്‌സല്‍ ഗുരുവിനെ പിന്തുണച്ചതിനു ശേഷം, ബുര്‍ഹാനോടുള്ള സഹതാപം പ്രകടിപ്പിച്ചിരിക്കുകയാണ് ഖാലിദ്. ഇത് അയാള്‍ക്ക് തീവ്രവാദികളുമായുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം ദേശ വിരുദ്ധര്‍ സമൂഹത്തിന് തീവ്രവാദികളെകാള്‍ അപകടകാരികളാണ്. ഉമറിന്റെ ജാമ്യം റദ്ദാക്കി അയാള്‍ക്കെതിരെ അന്വേഷണം ആരംഭിക്കണം.” ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയനിലെ ഏക എ.ബി.വി.പി അംഗമായ സൗരഭ് ശര്‍മ്മ ആവശ്യപ്പെട്ടു.