ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ സമ്മര്‍ദതന്ത്രവുമായി സര്‍വകലാശാലാ അധികൃതരും രംഗത്ത്. അമിതമായി ഫീസ് ഈടാക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി സമരം നടത്തുകയാണ്.
എന്നാല്‍ അസൈന്‍മെന്റുകള്‍, സെമസ്റ്റര്‍ പരീക്ഷ, എന്നിവ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. മാത്രമല്ല അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സമയത്ത് പൂര്‍ത്തിയാക്കാത്തവരെ പുറത്താക്കുമെന്ന് രജിസ്ട്രാര്‍ സര്‍ക്കുലറില്‍ അറിയിച്ചു.
അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ പരീക്ഷകളടക്കം ബഹിഷ്‌കരിച്ച് 35 ദിവസമായി നിസ്സഹരണ സമരത്തിലാണ് വിദ്യാര്‍ഥികള്‍. ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചിരുന്നു.
അതേസമയം വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യുടിഎയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ഇന്ന് ക്യാമ്പസില്‍ ഉപവാസസമരം നടത്തും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രമാനവ വിഭവശേഷിമന്ത്രാലത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങളോട് അധ്യാപകര്‍ ആവശ്യപ്പെടും.