കേന്ദ്ര സർക്കാർ തട്ടകത്തിൽ വിറപ്പിച്ചത് എസ്.എഫ്.ഐയുടെ ധീര വനിതാ നേതാവ്

കാവി രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ ആരാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുന്ന സംഭവമാണ് ഇപ്പോള്‍ ഡല്‍ഹി ജെ.എന്‍.യുവില്‍ അരങ്ങേറിയിരിക്കുന്നത്.

ചുവപ്പ് രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളികളെ തിരഞ്ഞ് പിടിച്ചാണ് ഇവിടെ ആക്രമിച്ചിരിക്കുന്നത്.

കേരളം വിട്ടാല്‍ എവിടെയാണ് ചുവപ്പ് രാഷ്ട്രീയത്തിന് പ്രസക്തിയെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണിത്. ചുവപ്പ് രാഷ്ട്രീയത്തെ ഭയക്കുന്നവരാണ് ജെ.എന്‍.യു കാമ്പസില്‍ ആക്രമണം അഴിച്ചുവിട്ടത്. അക്രമികള്‍ ആദ്യം തലക്കടിച്ച് വീഴ്ത്തിയത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ എസ്.എഫ്.ഐ നേതാവ് ഐഷേ ഘോഷിനെയാണ്.

സെന്റര്‍ഫോര്‍ ലിന്‍ഗുസ്റ്റിക്സ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ സൂരിയുടെ തലയും അക്രമികള്‍ അടിച്ച് തകര്‍ത്തിട്ടുണ്ട്.

28 വിദ്യാര്‍ഥികള്‍ക്കാണ് ജനുവരി അഞ്ചിനുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നത്. ക്രിക്കറ്റ് സ്റ്റമ്പുകളും കമ്പുകളുമായി സംഘടിച്ചെത്തിയ എഴുപതോളം പേരാണ് ആക്രമണം നടത്തിയിരിക്കുന്നത്.

ഹോസ്റ്റലുകളില്‍ അതിക്രമിച്ചു കയറിയുള്ള തേര്‍വാഴ്ചയില്‍ അധ്യാപിക പ്രഫ.സുചരിത സെന്നടക്കമുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെയും അധ്യാപകരെയും ചികിത്സിക്കുകയായിരുന്ന എയിംസിലെ മെഡിക്കല്‍ സംഘത്തെ ജെഎന്‍യുവിനകത്ത് വച്ചുപോലും ആക്രമിക്കുന്ന സാഹചര്യവുമുണ്ടായി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തെ ജെഎന്‍യുവില്‍ വച്ച് ആക്രമിച്ചുവെന്ന് എയിംസിലെ ഡോക്ടര്‍ ഹര്‍ജിത് സിങ് ബട്ടിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ശരിക്കും ക്രമിനലുകളുടെ ഒരു തേര്‍വാഴ്ച തന്നെയാണ് ജെഎന്‍യു ക്യാമ്പസില്‍ അരങ്ങേറിയിരിക്കുന്നത്. ഞെട്ടിക്കുന്ന സംഭവമാണിത്.

ഡല്‍ഹിയില്‍ മോദിയുടെ മൂക്കിന് താഴെ പ്രതിഷേധ കൊടി ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിലും രാജ്യം അത് കണ്ടതാണ്. ജാമിയയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് ആക്രമിച്ചപ്പോള്‍ പ്രതികരിക്കാന്‍ ആദ്യം രംഗത്തിറങ്ങിയതും ജെ.എന്‍.യു വിദ്യാര്‍ത്ഥികളാണ്. ഈ പ്രക്ഷോഭങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുത്ത എസ്.എഫ്.ഐ നേതാവായ ഐഷേയാണിപ്പോള്‍ ഐസിയുവില്‍ കിടക്കുന്നത്.

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനക്കെതിരെ നടക്കുന്ന പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തില്‍കൂടിയായിരുന്നു മുഖമൂടികളുടെ മിന്നല്‍ ആക്രമണം.

എ.ബി.വി.പിയുടെ നേതൃത്വത്തില്‍ പുറത്ത് നിന്നും വന്ന ഗുണ്ടകള്‍ ഉള്‍പ്പെടെയാണ് കിരാതമായ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്.ഇരുമ്പു കമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.

ഇവര്‍ ക്രൂരമായി വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതും ഹോസ്റ്റല്‍ മുറികള്‍ അടിച്ച് തകര്‍ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.

ജെ.എന്‍.യു കാമ്പസിലെ വിപ്ലവ വിദ്യാര്‍ത്ഥി മുന്നേറ്റത്തെ എത്രമാത്രം കാവി രാഷ്ട്രീയം വെറുക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണിത്.

അക്രമികള്‍ ഇരുട്ടിന്റെ മറവില്‍ കാമ്പസില്‍ അഴിഞ്ഞാടുമ്പോള്‍ അതിന് കുട പിടിക്കുന്ന സമീപനമാണ് ഡല്‍ഹി പൊലീസും സ്വീകരിച്ചിരിക്കുന്നത്. ഒടുവില്‍ നടപടിയെടുപ്പിക്കാന്‍ അര്‍ദ്ധരാത്രി വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് ആസ്ഥാനം തന്നെ ഉപരോധിക്കേണ്ടിയും വന്നിരുന്നു.

കാമ്പസിന് പുറത്ത് കാവലുണ്ടായിരുന്ന പൊലീസിനെ മറികടന്നാണ് അക്രമികള്‍ ആയുധങ്ങളുമായി കാമ്പസിനകത്ത് കടന്നിരിക്കുന്നത്. ഇതും ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.

സംഘപരിവാര്‍ നേതൃത്വത്തിന്റെ അറിവോടെ സംഘടിപ്പിച്ച ആക്രമണമാണിത്. ഐഷേ ഘോഷിനെ കൊണ്ടു പോകാന്‍ എത്തിയ ആംബുലന്‍സ് പോലും തടഞ്ഞ് തകര്‍ക്കുന്ന പകയാണിവിടെ അരങ്ങേറിയിരിക്കുന്നത്.

ജെഎന്‍യുവില്‍ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങളും ഇതിനിടെ പുറത്തായിട്ടുണ്ട്. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജെഎന്‍യുവിലേക്ക് അക്രമികള്‍ക്ക് എത്താനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്നത് ഈ സന്ദേശങ്ങളിലുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെകുറിച്ചും ഇതില്‍ പ്രത്യേകം പറയുന്നുണ്ട്. ഈ തിരക്കഥ പ്രകാരം തന്നൊണ് ആക്രമണങ്ങളെല്ലാം നടന്നിരിക്കുന്നത്. തീ കൊണ്ട് തല ചൊറിയുന്നതിന് തുല്യമായ നടപടിയാണിത്.

അക്രമങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ കഴിയുന്നതല്ല വിദ്യാര്‍ത്ഥികളുടെ പേരാട്ട വീര്യം. രാജ്യത്തെ പൊരുതുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അത് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. ലോകത്തിന്റെ ചരിത്രവും അത് തന്നെയാണ്. കാമ്പസുകളില്‍ വീണ തീപ്പൊരി ആളിപ്പടര്‍ന്ന് ബഹുജന പ്രക്ഷോഭമായി വളര്‍ന്ന് നിലത്ത് വീണ ഭരണകൂടങ്ങള്‍ നിരവധിയാണ്. ഇക്കാര്യം മോദി ഭരണകൂടവും ഓര്‍ക്കുന്നത് നല്ലതാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ട് നിയന്ത്രണത്തിലുള്ള പൊലീസാണ് ഡല്‍ഹിയിലേത്. പേരിന് ചിലരെ കസ്റ്റഡിയിലെടുത്തത് കൊണ്ടു മാത്രം ഒരുകാര്യവുമില്ല. മുഴുവന്‍ അക്രമികളെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രങ്ങളെയും പിടികൂടുക തന്നെ വേണം. അതല്ലങ്കില്‍ വലിയ വിലയാണ് ഭരണകൂടങ്ങള്‍ക്ക് നല്‍കേണ്ടി വരിക.

ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തിനെതിരെ രാജ്യവ്യാപകമായി കാമ്പസുകളില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഞായറാഴ്ച അര്‍ദ്ധരാത്രി തന്നെ ജാമിയ, അലിഗഡ്, ജാദവ് പൂര്‍, പൂണെ സര്‍വ്വകലാശലകളിലെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയിരുന്നു. മുംബൈയിലും പ്രതിഷേധം കത്തിപ്പടരുകയാണ്.കേരളം, ബംഗാള്‍, തമിഴ്‌നാട്, കര്‍ണ്ണാടക, ബീഹാര്‍, യു.പി, രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

കാമ്പസുകള്‍ വിട്ട് തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാറിനും ശക്തമായ മുന്നറിയിപ്പാണിപ്പോള്‍ നല്‍കിയിരിക്കുന്നത്.

ഒരു പുതിയ പോരാട്ട ചരിത്രത്തിനാണ് ഇവിടെ തുടക്കം കുറിക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയത്തിനും അതീതമായ പ്രക്ഷോഭമായാണ് ഈ പ്രക്ഷോഭം മാറുന്നത്. പൗരത്വ ഭേദഗതി വിഷയത്തില്‍ പ്രതികരിക്കാതെ മാറി നിന്നവര്‍ പോലും പുതിയ സാഹചര്യത്തില്‍ തെരുവിലിറങ്ങി കഴിഞ്ഞു.

ജെ.എന്‍.യു കാമ്പസിനെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്നും ഭരണകൂടവും കാവി രാഷ്ട്രീയവും പിന്‍മാറുന്നതാണ് ഇനി നല്ലത്.

രാജ്യത്തെ മികച്ച സര്‍വ്വകലാശാലക്കുള്ള പുരസ്‌ക്കാരം രാഷ്ട്രപതിയുടെ പക്കല്‍ നിന്നും വാങ്ങിയ സര്‍വ്വകലാശാലയാണിത്. ലോക റാങ്കിങ്ങില്‍ തന്നെ ആദ്യ 500-ല്‍ വരുന്ന പട്ടികയിലും മുന്‍ നിരയിലാണ് ഈ ചുവന്ന കാമ്പസിന്റെ സ്ഥാനം.

ജെ.എന്‍.യുവിലെ ഹിസ്റ്ററി, സോഷ്യോളജി തുടങ്ങിയ സെന്ററുകള്‍ ലോക സര്‍വ്വകലാശാലകളുടെ ഔദ്യോഗിക പട്ടികയായ ക്യൂ.എസ് റാങ്കില്‍ അന്‍പത്തിയൊന്നാമത് സ്ഥാനത്താണ് നില്‍ക്കുന്നത്.

അതിസമര്‍ത്ഥരായ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഇവിടെയുള്ളത്.

Sitaram Yechury

Sitaram Yechury

നോബല്‍ സമ്മാനം നേടിയ അഭിജിത്ത് ബാനര്‍ജി മുതല്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍വരെ പഠിച്ചത് ജെ.എന്‍.യുവിലാണ്. രാജ്യത്തെ മികച്ച സിവില്‍സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തകരെവരെ സംഭാവന ചെയ്ത കാമ്പസാണിത്.

ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യുകയും ഇടപെടുകയും ചെയ്യുന്നത് ഈ ക്യാമ്പസിലെ പതിവ് രീതിയാണ്. പ്രതികരണ ശേഷിയുള്ള തലമുറയെയാണ് ജെ.എന്‍.യു സര്‍വ്വകലാശാല വാര്‍ത്തെടുക്കുന്നത്.

അവിടെ ചുവപ്പ് രാഷ്ട്രീയത്തിന് ലഭിക്കുന്ന സ്വകാര്യതയും ഇടപെടലുകളുമാണ് യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്നത്.

ഡല്‍ഹി, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ഈ ഘട്ടത്തില്‍ ജെ.എന്‍.യുവിലെ ശബ്ദം പുറത്തറിയരുത് എന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. ഇവിടെ മുഴങ്ങുന്ന ശബ്ദത്തിന് രാജ്യം മുഴുവനുമാണ് പ്രതിധ്വനിയുണ്ടാകുന്നത്. അതു കൊണ്ടു കൂടിയാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച് നിശബ്ദരാക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

‘ചരിത്രപരമായ വലിയ മണ്ടത്തരം’ എന്ന് തന്നെ ഈ നടപടിയെ വിശേഷിപ്പിക്കേണ്ടി വരും.

തേനീച്ച കൂട്ടത്തിനാണ് നിങ്ങള്‍ കല്ലെറിഞ്ഞിരിക്കുന്നത്. വെടിയുണ്ടകളെ പോലും ചങ്കുറപ്പോടെ നേരിടുന്ന വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുക ഒരു ഭരണകൂടത്തിനും എളുപ്പമുള്ള കാര്യമല്ല. അക്കാര്യം കാവി രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

Staff Reporter

Top