ജെ എന്‍ യു ക്യാമ്പസില്‍ പട്ടാള ടാങ്കുകള്‍ സ്ഥാപിക്കണം ; യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ ക്യാമ്പസിനുള്ളില്‍ പട്ടാള ടാങ്കുകള്‍ സ്ഥാപിക്കണമെന്ന് ജെഎന്‍യു സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍.

1999ലെ കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ക്യാമ്പസില്‍ സംഘടിപ്പിച്ച ‘കാര്‍ഗില്‍ വിജയ് ദിവസ്’ ആഘോഷ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നതിന്റെ പേരില്‍ വിവാദത്തിലായ സ്ഥാപനമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി.

കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്റേയും വി.കെ.സിങിന്റെയും സാന്നിധ്യത്തിലായിരുന്നു വിസിയുടെ പ്രഖ്യാപനം.

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ ത്യാഗങ്ങള്‍ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കണം, ഇത് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തോടുള്ള സ്‌നേഹം വര്‍ധിക്കാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, വിരമിച്ച സൈനികര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഗംഗ ധാബയില്‍ നിന്ന് 2,200 അടി നീളമുള്ള ഇന്ത്യന്‍ പതാകയുമായി തിരംഗ യാത്രയും സംഘടിപ്പിച്ചു.

കൂടാതെ കാര്‍ഗില്‍ യുദ്ധത്തില്‍ വീര മൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിലെ സ്ത്രീകളെ ചടങ്ങില്‍ അനുമോദിക്കുകയും ചെയ്തു.

Top