നിങ്ങള്‍ക്ക് എന്തുകൊണ്ട് മറ്റ് വിദ്യാര്‍ഥികളുടെ പക്ഷത്ത് നില്‍ക്കുന്നില്ല?ജെഎന്‍യു വിസി

ന്യൂഡല്‍ഹി: പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന പ്രതിഷേധക്കാരല്ലാത്ത വിദ്യാര്‍ഥികളുടെ പക്ഷത്ത് നില്‍ക്കാന്‍ പ്രമുഖ വ്യക്തികള്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ജെഎന്‍യു വൈസ് ചാന്‍സിലര്‍ എം. ജഗദേഷ് കുമാര്‍. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖംമൂടി ധാരികള്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച ദീപിക പദുകോണ്‍ അടക്കമുള്ള പ്രശസ്ത വ്യക്തികള്‍ക്കെതിരെയായിരുന്നു വൈസ് ചാന്‍സിലറുടെ ചോദ്യം.

പ്രക്ഷോഭകാരികളെ പിന്തുണയ്ക്കാനെത്തുന്ന മഹത് വ്യക്തികളോട് ഒരു കാര്യമാണ് ചോദിക്കാനുള്ളത്, ഗവേഷണവും അധ്യാപനവും നടത്താനുള്ള മറ്റു വിദ്യാര്‍ഥികളുടെ അവകാശം നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? എന്തുകൊണ്ടാണ് നിങ്ങള്‍ അവരുടെ പക്ഷത്ത് നില്‍ക്കാത്തത്?’, ജഗദേഷ് കുമാര്‍ ചോദിച്ചു. സര്‍വകലാശാലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ വൈസ് ചാന്‍സിലര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

ചൊവ്വാഴ്ചയാണ് ദീപിക വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജെഎന്‍യുവില്‍ എത്തിയത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറും ഒപ്പമുണ്ടായിരുന്നു. സബര്‍മതി ഹോസ്റ്റലിന് മുന്നില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ദീപിക, മുഖംമൂടി അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിനേയും സന്ദര്‍ശിച്ചു. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച ശേഷമാണ് ദീപിക മടങ്ങിയത്.

അതേസമയം ദീപികയുടെ ജെ.എന്‍.യു സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. ദീപികയുടെ ലക്ഷ്യം സിനിമ പ്രമോഷനാണെന്നും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും ബിജെപി പറഞ്ഞിരുന്നു.

Top