തിരുവനന്തപുരം: ജെ.എന്‍.യുവിനെ ആര്‍.എസ്.എസിന്റെ കാര്യാലയമാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.
ഇതിനെതിരെ രാജ്യമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ ചെറുത്തുനില്പും പ്രതിഷേധവും ഉയര്‍ത്തിക്കൊണ്ടുവരണം. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത തരത്തിലാണ് സംഘപരിവാറും അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ.ബി.വി.പിയും സംഘടിതമായി ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വിഎസ് പറഞ്ഞു.
സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ ഉയരുന്ന ജനാധിപത്യ ശബ്ദങ്ങളെ മുഴുവന്‍ അടിച്ചമര്‍ത്താനും ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമമാണ് നടക്കുന്നത്. ആടിനെ പട്ടിയാക്കുകയും പിന്നെ അതിനെ പേപ്പട്ടി എന്നുവിളിച്ച് തല്ലിക്കൊല്ലുകയും ചെയ്യുന്ന തന്ത്രമാണ് സംഘപരിവാര്‍ ഡല്‍ഹിയില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി തുറുങ്കിലാക്കിയത് ഇതിന്റെ തെളിവാണ്. കനയ്യകുമാറിന് എതിരായ ആരോപണം എ.ബി.വി.പിക്കാര്‍ തന്നെ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ഇതിനകം വെളിവാക്കപ്പെട്ടു കഴിഞ്ഞുവെന്നും വിഎസ് ചൂണ്ടിക്കാട്ടി.
സംഘപരിവാറിന്റെ അസഹിഷ്ണുതയുടെയും ഫാസിസ്റ്റ് സമീപനത്തിന്റെയും തേര്‍വാഴ്ചയാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ കണ്ടത്. സംഘപരിവാര്‍ അഭിഭാഷകര്‍ നിയമം കൈയിലെടുത്ത് മാധ്യമ പ്രവര്‍ത്തകരെയും ജെ.എന്‍.യുവിലെ അദ്ധ്യാപകരെയും അടക്കം ക്രൂരമായി ആക്രമിക്കുകയായിരുന്നു. നേരത്തേ ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനു നേരെ നടത്തിയ ആക്രമണവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഉയര്‍ത്തിയ ഭീഷണിയും സംഘപരിവാര്‍ കാട്ടാളത്തത്തിന്റെ തെളിവുകളാണെന്നും വിഎസ് ആരോപിച്ചു.
സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും കാവിവല്‍ക്കരിക്കാനും ജനാധിപത്യപ്രവര്‍ത്തനങ്ങള്‍ തന്നെ ഇല്ലാതാക്കാനുമുള്ള സംഘപരിവാര്‍ ആക്രമണോത്സുകതയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇത് രാജ്യത്തിനാകെ അപമാനകരവും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ യശസ്സ് ഇല്ലായ്മ ചെയ്യുന്നതുമാണ്. രാജ്യാന്തര പ്രശസ്തരായ നോബല്‍ സമ്മാന ജേതാക്കള്‍ തന്നെ സംഘപരിവാര്‍ കാടത്തത്തെ അപലപിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ ജനാധിപത്യപുരോഗമനശക്തികളും ഇതിനെതിരെ ചെറുത്തുനില്പിന്റെയും പ്രതിഷേധത്തിന്റെയും കോട്ടകള്‍ സൃഷ്ടിക്കണമെന്നും വി.എസ്. പറഞ്ഞു.