ഡൽഹി: പ്രതിഷേധവും ധര്‍ണയും നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പിഴ ചുമത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങി ജെഎന്‍യു സര്‍വകലാശാല. ജെഎന്‍യു വൈസ് ചാന്‍സലറായ ശാന്തിശ്രീ ഡി പണ്ഡിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സര്‍ക്കുലറിനെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്ന് വി സി പറഞ്ഞു. ഒരു ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന്റെ ഭാഗമായി ഹുബ്ലിയിലായിരുന്നു. വാര്‍ത്തകളിലൂടെയാണ് ഇത്തരമൊരു കാര്യം അറിഞ്ഞത്, ചീഫ് പ്രോക്ടർ താനറിയാതെയാണ് സർക്കുലർ ഇറക്കിയതെന്നും വി സി പ്രതികരിച്ചു. അതിനാല്‍ പുതിയ നിയമപരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കുകയാണെന്നും വി സി കൂട്ടിച്ചേര്‍ത്തു.
ക്യാംപസില്‍ പ്രതിഷേധങ്ങളോ, ധര്‍ണകളോ നടത്തുന്നവര്‍ക്കെതിരെ പിഴ ചുമത്തുക, പുറത്താക്കുക തുടങ്ങിയ നടപടികളായിരുന്നു ഇതില്‍ പ്രധാനം. ധര്‍ണകളിലും, പ്രതിഷേധ പരിപാടികളിലേ പങ്കെടുക്കുന്നവര്‍ക്ക് 20,000 രൂപ പിഴ, ക്യാംപസിലെ മറ്റ് വിദ്യാര്‍ഥികളോടോ അധ്യാപകരോടോ, ജീവനക്കാരോടോ അപമര്യാദയായി പെരുമാറുകയോ ഭീക്ഷണിപ്പെടുത്തുകയോ ചെയ്താല്‍ 50,000 രൂപ പിഴ എന്നിങ്ങനെയായിരുന്നു പുതിയ പരിഷ്‌ക്കാരങ്ങള്‍. പത്ത് പേജുകളുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലാണ് ജെഎന്‍യു അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നിയമങ്ങള്‍ ലംഘിക്കുന്നവരെ പുറത്താക്കാനാകുമെന്നും, പുതിയ നിയമം പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബാധകമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ ക്യാംപസില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിയമാവലി ഭേദഗതി ചെയ്തത്.