ന്യൂഡല്‍ഹി : ജെഎൻയുവിലെ ഫീസ് വർധനയ്ക്കെതിരെ ഇന്ന് മുതൽ ക്യാമ്പസ് അടച്ചിട്ട് വിദ്യാർത്ഥികൾ പ്രതിഷേധിക്കും. ഓഫീസുകൾ അടക്കം ഉപരോധിച്ച് സമരം നടത്താനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
ഹോസ്റ്റൽ ഫീസ് വർധനവിന് അന്തിമ അംഗീകാരം നൽകാൻ ചേരുന്ന ജെഎൻയു എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നടക്കുന്ന കൺവെന്‍ഷൻ സെന്റർ ഉപരോധിക്കുമെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ സര്‍വകലാശാല
അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം.
ഫീസ് വർധന, രാത്രി സഞ്ചാര നിയന്ത്രണം, വസ്ത്രധാരണ നിയന്ത്രണം, സംവരണ അട്ടിമറി എന്നിവക്കിടയാക്കുന്നതാണ് പുതിയ ഹോസ്റ്റൽ കരട് നിയമാവലിയെന്നതാണ് വിദ്യാർഥികളുടെ ആരോപണം. ഇന്ന് ചേരുന്ന വിസി അധ്യക്ഷനായ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ കരട് പരിഗണിച്ചേക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കുന്നത്.
രണ്ടാഴ്ചയായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാനച്ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേഷ് പൊഖ്രയാൽ വിദ്യാർത്ഥികളുമായി ചർച്ച നടത്താമെന്ന് ഉറപ്പു നൽകിയെങ്കിലും ചർച്ചയെന്ന് നടക്കുമെന്ന് കാര്യത്തിൽ അറിയിപ്പ് ഒന്നും വിദ്യാർത്ഥി യൂണിയന് ലഭിച്ചിട്ടില്ല.