ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍വകലാശാലയുടെ നീക്കം. കഴിഞ്ഞ ദിവസം നടന്ന സമരത്തെക്കുറിച്ച് സര്‍വകലാശാല തലത്തില്‍ അന്വേഷണം നടത്തുമെന്നും സമരത്തില്‍ പങ്കെടുത്ത ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം നടക്കുന്നുവെന്നുമാണ് നിലവിലെ വിവരം.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സമരങ്ങള്‍ പാടില്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ലംഘിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനമുള്ളതായാണ് വിവരം. ഫീസ് വര്‍ധനവ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന് സമയക്രമീകരണം പാടില്ല തുടങ്ങി നിരവധി നടപടികള്‍ക്കെതിരെയായിരുന്നു വിദ്യാര്‍ത്ഥികളുടെ സമരം.വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെ ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവില്‍ അധികൃതര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
ഹോസ്റ്റല്‍ സിംഗിള്‍ റൂമിന് 20 രൂപ മാസവാടകയുണ്ടായിരുന്നത് 600 രൂപയായിട്ടായിരുന്നു വര്‍ദ്ധിപ്പിച്ചിരുന്നത് .ഇത് 200 രൂപയാക്കി മാറ്റി. ഡബിള്‍ റൂമിന്റെ മാസവാടക 10 രൂപയില്‍ നിന്ന് മുന്നൂറ് രൂപയാക്കിയത് 100 രൂപയാക്കിയും കുറച്ചു. ജെ.എന്‍.യു എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫീസ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. എന്നാല്‍ യൂട്ടിലിറ്റി ചാര്‍ജുകളുടെ സര്‍വ്വീസ് ചാര്‍ജുകളും കുട്ടികളില്‍ നിന്ന് ഈടാക്കും.ഇതിന് പിന്നാലെയാണ് സമരം ചെയ്ത കുട്ടികള്‍ക്കുനേരെ നടപടിയെടുക്കാനുള്ള നീക്കം സര്‍വ്വകലാശാല നടത്തുന്നത്.