കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ്. തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാർത്ഥമായി പ്രവർത്തിച്ചു. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ സാധിച്ചില്ല എന്നത് എൽഡിഎഫ് ക്യാംപിന് ഷോക്കായിട്ടുണ്ട്. സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിനെതിരായ ജനവിധിയായും പ്രതിപക്ഷം തൃക്കാക്കര ഫലം ഉപയോഗപ്പെടുത്തും. തൃക്കാക്കര തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി കോൺഗ്രസ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ കെ.വി.തോമസിനും ഫലം വലിയ തിരിച്ചടിയാണ്.