ദോഹ: ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കി പോര്‍ച്ചുഗലിന്റെ ജാവോ വിയേര. 50 കിലോമീറ്റര്‍ നടത്തത്തിലാണ് ഈ നാല്‍പ്പത്തിമൂന്നുകാരന്‍ വെള്ളി നേടിയിരിക്കുന്നത്. നാലു മണിക്കൂറും നാലു മിനിറ്റും 59 സെക്കന്‍ഡും കൊണ്ടാണ് വിയേര വെള്ളിവേട്ട നടത്തിയിരിക്കുന്നത്.
നാലു മണിക്കൂര്‍ നാലു മിനിറ്റ് 20 സെക്കന്‍ഡില്‍ 50 കിലോമീറ്റര്‍ നടത്തം പൂര്‍ത്തിയാക്കിയ ജപ്പാന്റെ യുസുകെ സുസുക്കിയാണ് സ്വര്‍ണം നേടിയത്. കാനഡയുടെ ഇവാന്‍ ഡന്‍ഫെ (നാലു മണിക്കൂര്‍ അഞ്ചു മിനിറ്റ് 02 സെക്കന്‍ഡ്) വെങ്കലവും നേടി.
വനിതകളുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ ചൈനയുടെ റുയി ലിയാങ് (നാലുമണിക്കൂര്‍ 23 മിനിറ്റ് 26 സെക്കന്‍ഡ്) സ്വര്‍ണം നേടി. ചൈനയുടെ മവോക്കുവോ ലി (4:26:40) വെള്ളിയും ഇറ്റലിയുടെ അന്ന ജിയോര്‍ജി (4:29:13) വെങ്കലവും നേടി. വനിതകളുടെ 10,000 മീറ്ററില്‍ ഹോണ്ടളിന്റെ സിഫാന്‍ ഹസ്സന്‍ (30 മിനിറ്റ് 17.62 സെക്കന്‍ഡ്) സ്വര്‍ണം നേടി.