വാക്വിന്‍ ഫീനിക്‌സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജോക്കര്‍. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും പീഡനവും ഏറ്റുവാങ്ങുന്ന ആര്‍തര്‍ ഫ്ലെക്ക് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന ജോക്കറായി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
എന്നാല്‍ ചിത്രം ഇപ്പോള്‍ വിവാദം നേരിട്ട് കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ഭീതി പരത്തുന്ന തോക്ക് ഭീകരതയുമായി ബന്ധപ്പെട്ടാണ് വിവാദം. പ്രതികാരം തീര്‍ക്കാന്‍ അഭിനേതാക്കള്‍ സിനിമയില്‍ തോക്കെടുക്കുമ്പോള്‍ അത് പ്രേക്ഷകരെ സ്വാധീനിക്കുമെന്നാണ് പ്രധാന വിമര്‍ശനം.
സ്റ്റാന്റ് അപ്പ് കൊമേഡിയനായ ആര്‍തര്‍ ഫ്ലെക്ക് എന്ന കഥാപാത്രത്തെയാണ് ഫീനിക്‌സ് അവതരിപ്പിക്കുന്നത്. വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ കോമാളി വേഷം കെട്ടി ജീവിക്കുന്ന അമ്മയെ പരിപാലിക്കാന്‍ പോലും ശേഷിയില്ലാതെ മറ്റുള്ളവരുടെ മുന്നില്‍ അപമാനിക്കപ്പെടുന്ന ആര്‍തര്‍ ഫ്ലെക്ക് ഒരു പോലെ നായകനായും വില്ലനായും ചിത്രത്തില്‍ തിളങ്ങുന്നു. ബാറ്റ്മാന്‍ ഇല്ലാതെയാണ് ഇത്തവണ ജോക്കര്‍ എത്തുന്നത്.
ജോക്കര്‍ എന്ന വേഷം തനിക്ക് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും തന്റെ മാനസിക നിലയെ കഥാപാത്രം വല്ലാതെ സ്വാധീനിച്ചുവെന്നും ഫീനിക്‌സ് നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം ജോകകറായി എത്തുന്ന വാക്വിന്‍ ഫീനിക്‌സിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.