പട്‌ന: സൈനിക റിക്രൂട്ട്മെന്റിനായി അഗ്നിപഥ് പദ്ധതി കൊണ്ടുവരുന്നതിൽ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ. എഴ് സംസ്ഥാനങ്ങളിൽ ഉദ്യോഗാർത്ഥികൾ അഗ്നിപഥിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടുമാണ് പ്രതിഷേധിക്കുന്നത്. പട്നയിൽ രാജധാനി എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടുകളുണ്ടായി.
ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിൽ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം നടക്കുന്നത്. വിവിധ ജില്ലകളിൽ റെയിൽ, റോഡ് ഗതാഗതം ആർമി ഉദ്യോഗാർത്ഥികൾ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്‌സർ, നവാഡ എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. അറായിലെ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
മുൻഗറിലെ സഫിയാബാദിൽ പ്രതിഷേധക്കാർ പട്‌ന-ഭഗൽപൂർ പ്രധാന റോഡ് ഉപരോധിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.
ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സേനകൾ പദ്ധതി പ്രഖ്യാപിച്ചത്.