Jobless in Jeddah; Ex ministers must be teach from sudhama swaraj’s movements

ന്യൂഡല്‍ഹി : ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിപ്പിടിച്ചും അമ്പരപ്പിച്ചും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിസ്മയ പ്രകടനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് തെരുവിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 10,000 ത്തോളം ഇന്ത്യക്കാര്‍ക്കു വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയമെടുത്ത നടപടിയാണ് ലോക മാധ്യമങ്ങളുടെയടക്കം കയ്യടി നേടിയത്.

ട്വിറ്ററിലൂടെ ലഭിച്ച സന്ദേശവും തുടര്‍ന്ന് സൗദിയില്‍ നിന്ന് പോസ്റ്റ് ചെയ്ത ഇന്ത്യക്കാരന്റെ ദയനീയമായ വീഡിയോ സന്ദേശത്തിലും അവിടുത്തെ സ്ഥിതി ഗൗരവമാണെന്ന് മനസ്സിലാക്കിയതോടെ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദ്ദേശപ്രകാരം വിദേശകാര്യ മന്ത്രാലയം ശക്തമായ ഇടപെടല്‍ നടത്തുകയായിരുന്നു.

സൗദി ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യക്കാരുടെ സംരക്ഷണത്തിനായി അടിയന്തിരമായി ഇടപെടണമെന്ന് ശക്തമായ നിലപാടെടുത്തതോടെയാണ് അടച്ചുപൂട്ടിയ കമ്പനി ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സൗദി ഭരണകൂടം തയ്യാറായത്. തൊഴില്‍ നഷ്ടപ്പെട്ട ഒരു ഇന്ത്യക്കാരനും അവിടെ പട്ടിണി കിടക്കേണ്ടിവരില്ലെന്ന് പാര്‍ലമെന്റിന് ഉറപ്പു കൊടുത്ത സുഷമ സ്വരാജിന്റെ വാക്കുകളെ രാഷ്ട്രീയ വ്യത്യാസമന്യേയാണ് എല്ലാവരും സ്വാഗതം ചെയ്തത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ ജനറല്‍ വി.കെ. സിങ്ങിനെ ഉടനെ തന്നെ സൗദിയിലേക്കയച്ച കേന്ദ്ര സര്‍ക്കാര്‍ സൗദി ഭരണാധികാരികളുമായുള്ള ഇടപെടലും ഇന്ത്യന്‍ വ്യവസായികള്‍ അടക്കമുള്ളവരുടെ സഹായത്തോടെ ജോലി നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസവുമാണ് ലക്ഷ്യമിടുന്നത്.

വഴിയാധാരമായ ഇന്ത്യക്കാരെ ജനറല്‍ വി.കെ. സിങ്ങ് നേരിട്ടെത്തി ആശ്വസിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം സൗജന്യമായി നല്‍കും. മാത്രമല്ല ഇങ്ങനെ മടങ്ങുന്നവര്‍ക്ക് രാജ്യത്തിനകത്ത് വിവിധ കമ്പനികളില്‍ ജോലിചെയ്യുന്നതിനാവശ്യമായ ഇടപെടല്‍ നടത്താനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെടും.

നിരവധി മാസങ്ങള്‍ ജോലി ചെയ്തതിന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടതുള്ളതിനാല്‍ സൗദി ഭരണകൂടത്തില്‍ ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം യുദ്ധകാല അടിസ്ഥാനത്തിലാണ് ജോലി നഷ്ടപ്പെട്ടവര്‍ക്കായി ക്യാമ്പുകള്‍ ഒരുക്കി ഭക്ഷണം വിതരണം ചെയ്യുന്നത്.

മിന്നല്‍ പോലെയുള്ള ഇത്തരം നടപടികള്‍ ഇന്ത്യയെ സംബന്ധിച്ച് കുവൈറ്റ് യുദ്ധകാലത്ത് മാത്രമാണ് ഇന്ത്യ നടത്തിയത്. അന്ന് ഒന്നര ലക്ഷത്തോളം പേരെയാണ് നാട്ടിലെത്തിച്ചത്.

ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ലോകത്തിന്റെ പ്രശംസ പിടിച്ച് പറ്റിയ നിരവധി ഇടപെടലുകളാണ് സുഷമ സ്വരാജിന്റെയും വി.കെ സിങ്ങിന്റെയും നേതൃത്വത്തില്‍ കേന്ദ്ര വിദേശകാര്യ-പ്രവാസി കാര്യ മന്ത്രാലയങ്ങള്‍ നടത്തിയത്.

യു.പി. എ ഭരണകാലത്ത് ഈ രണ്ട് മന്ത്രാലയങ്ങള്‍ക്കും വ്യത്യസ്ത മന്ത്രിമാര്‍ തന്നെ ഉണ്ടായിട്ടും പല കാര്യങ്ങളിലും ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല എന്നതും എടുത്ത് പറയേണ്ടതാണ്.

മലയാളികളായ വയലാര്‍ രവി പ്രവാസികാര്യ മന്ത്രിയായും ഇ. അഹമ്മദ് വിദേശ കാര്യ മന്ത്രാലയത്തിലും എന്തിനേറെ മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി കൂടിയായിരുന്ന ശശി തരൂര്‍ പോലും മന്ത്രി പദവിയിലുണ്ടായിട്ടും വാചക കസര്‍ത്തുകള്‍ക്ക് മാത്രമല്ലാതെ പ്രാക്ടിക്കലായി ഒരു ഇന്ത്യക്കാരന്റെ കണ്ണീരൊപ്പാന്‍ പറ്റുന്ന എടുത്ത് പറയത്തക്ക നടപടി ഉണ്ടായിരുന്നില്ല എന്ന വിമര്‍ശനവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ഇവിടെ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2014-ല്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിച്ച് നാട്ടിലെത്തിച്ചതും 2015-ല്‍ ഭീകരര്‍ താണ്ഡവമാടിയ യമനില്‍ നിന്ന് 5000 ത്തോളം പേരെ എയര്‍ഫോഴ്‌സിന്റെ വിമാനങ്ങളില്‍ നാട്ടിലെത്തിച്ചതും ലോക രാഷ്ട്രങ്ങള്‍ തന്നെ അന്തംവിട്ട് നോക്കി നിന്ന നടപടിയാണ്. ഇന്ത്യന്‍ പടക്കപ്പലുകളെ സജ്ജരാക്കി നിര്‍ത്തി ഇന്ത്യ നടത്തിയ ”ഓപ്പറേഷന്റെ” രഹസ്യം ഇന്നും രഹസ്യമായി തന്നെ തുടരുകയാണ്.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം ദക്ഷിണ സുഡാനില്‍ നിന്ന് 150 ഇന്ത്യക്കാരെയാണ് പ്രതിസന്ധികളെ അതിജീവിച്ച് കേന്ദ്രം നാട്ടിലെത്തിച്ചത്.

ഇങ്ങനെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലോടെ ജീവിതത്തിലേക്ക് തിരിച്ച് വന്നവരില്‍ നല്ലൊരു വിഭാഗവും മലയാളികളാണ്. യമനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന രക്ഷപ്പെടുത്തിയവരില്‍ പാക്കിസ്ഥാന്റെയും അമേരിക്കയുടെയും പൗരന്മാര്‍ ഉള്‍പ്പെട്ടിരുന്നുവെന്നതും ശ്രദ്ധേയമാണ്.

അതേസമയം, സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യാക്കാര്‍ക്ക് ഇഖാമ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി ഉറപ്പു നല്‍കി. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗജന്യ ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കുമെന്നും മന്ത്രാലയം ഉറപ്പു നല്‍കിയിട്ടുണ്ട്.

ഹജ്ജ് വിമാനങ്ങള്‍ തിരിച്ചു പോകുമ്പോള്‍ ഒപ്പം മടങ്ങാനും അനുമതി നല്‍കുമെന്നാണ് സൂചനകള്‍. സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ മക്കാ മേഖലാ ഡയറക്ടറുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു ലഭിച്ചത്.

Top