ഒമാനില്‍ പ്രവാസികള്‍ക്ക് തൊഴിലുകള്‍ കുറയുന്നു; റിപ്പോര്‍ട്ട്

മസ്‌ക്കറ്റ്: ഒമാനില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ വന്‍ തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. സ്വദേശി പൗരന്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സൗദിവല്‍ക്കരണം ശക്തമാക്കിയതിനെ തുടര്‍ന്നാണിത്. രാജ്യത്തെ തൊഴിലില്ലായ്മക്കെതിരെ കഴിഞ്ഞ മാസം യുവാക്കള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ വഴികളും ആലോചിക്കുകയാണ് അധികൃതര്‍. നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നിന്നു പോലും അവരെ പിരിച്ചുവിട്ട് ഒമാനികള്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഒമാന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ രാജ്യത്തെ പ്രവാസി ജനസംഖ്യ 17,39,401 ആണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.57 ലക്ഷം കുറവാണിത്. ഇക്കഴിഞ്ഞ മെയ്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം 18,000 പ്രവാസികള്‍ക്കാണ് ഒമാനില്‍ തൊഴില്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ 12 ശതമാനത്തിന്റെ കുറവാണ് പ്രവാസി ജനസംഖ്യയില്‍ ഉണ്ടായത്. സര്‍ക്കാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം പേര്‍ക്കാണ് ഈ മേഖലയില്‍ ജോലി നഷ്ടമുണ്ടായത്.

പുതിയ നിരവധി മേഖലകളില്‍ കൂടി സ്വദേശി വല്‍ക്കരണം നടപ്പാക്കിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ മന്ത്രിസഭ പാസാക്കിയ ഉത്തരവുകള്‍ നിലവില്‍ വന്നതായി മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 20 മുതലാണ് ഉത്തരവ് നിലവില്‍ വന്നത്. ഇന്‍ഷൂറന്‍സ്, ബ്രോക്കറേജ് കമ്പനികളിലെ ഫിനാഷ്യല്‍, അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍, മാളുകളിലെ സെയില്‍സ്, അക്കൗണ്ടിംഗ്, മണി എക്സ്ചേഞ്ച്, മാനേജ്മെന്റ്, സ്റ്റോര്‍ കീപ്പിംഗ് തുടങ്ങിയ ജോലികള്‍, വാഹന ഏജന്‍സികളിലെ അക്കൗണ്ട്സ്, ഓഡിറ്റിംഗ് ജോലികള്‍, വാഹന വില്‍പ്പന സ്റ്റോറുകളിലെ ജോലികള്‍, സ്പെയര്‍പാര്‍ട്ട് കടകളിലെ ജോലികള്‍, ഇന്ധനം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഭക്ഷണം എന്നി മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുന്ന ട്രാന്‍സ്പോര്‍ട്ടേഷന്‍ ജോലികള്‍ എന്നീ മേഖലകളിലാണ് ജൂണ്‍ 20 മുതല്‍ പൂര്‍ണമായും സൗദിവല്‍ക്കരണം നിലവില്‍വന്നത്. 2021ല്‍ മാത്രം 32000 ഒമാനികള്‍ക്ക് ജോലി നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ ശക്തമായി തുടരുന്ന സ്വദേശിവല്‍ക്കരണത്തിന് പുറമെ, കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും പ്രവാസികളുടെ തൊഴില്‍ നഷ്ടത്തിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

Top