സൗദി മാളുകളിലെ ജോലികള്‍ ഇനി സ്വദേശികള്‍ക്കു മാത്രം

റിയാദ്: സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മാളുകളിലെ ജോലികള്‍ മുഴുവന്‍ സൗദികള്‍ക്കു മാത്രമാക്കാനുള്ള തീരുമാനം നിലവില്‍ വന്നു. ആഗസ്ത് നാല് ബുധനാഴ്ചയോടെയാണ് നേരത്തേ പ്രഖ്യാപിച്ച മാളുകളിലെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലായതെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

കോള്‍ സെന്ററുകള്‍ അടക്കം കസ്റ്റമര്‍ കെയര്‍ സെന്ററുകളിലെ എല്ലാ ജോലികളും സൗദികള്‍ക്കു മാത്രമാക്കിയ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണിത്. മാളുകളിലെയും അതുമായി ബന്ധപ്പെട്ട മാനേജ്മെന്റ് ഓഫീസുകളിലെയും മുഴുവന്‍ ജോലികളും ഇതോടെ സൗദികള്‍ക്കു മാത്രമായി.

ക്ലീനിംഗ്, ബാര്‍ബര്‍, കയറ്റിറക്ക് പോലുള്ള ഏതാനും ചെറിയ ജോലികളില്‍ മാത്രമാണ് വിദേശികള്‍ക്ക് ലഭ്യമാവുക. അതേസമയം, മാളിലെ ആകെ ജീവനക്കാരുടെ 20 ശതമാനത്തില്‍ കൂടുതല്‍ പ്രവാസികള്‍ ഉണ്ടാവരുതെന്നും നിയമമുണ്ട്.

ഈ വര്‍ഷം ഏപ്രിലില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സൗദി മനുഷ്യവിഭവ സാമൂഹിക വികസന വകുപ്പ് മന്ത്രി അഹ്‌മദ് അല്‍ റാജിഹി നടത്തിയിരുന്നു. മാളുകളിലെ 51,000ത്തിലേറെ ജോലികള്‍ ഇതോടെ സൗദികള്‍ക്ക് മാത്രമാകും. അതേസമയം, മാളുകളിലെ കഫേകള്‍, റെസ്റ്റൊറന്റുകള്‍ എന്നിവിടങ്ങിലെ ചെറിയ ജോലികള്‍ വിദേശികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.

Top