പാലക്കാട്: ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്റസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റ ജേക്കബ് തോമസ് തന്റെ പുതിയ ആയുധം ഏതാണെന്ന് പ്രഖ്യാപിച്ചു. ഇനിമുതല്‍ മഴുവാണ് തന്റെ ആയുധം എന്നാണ് ജേക്കബ് തോമസ് പറയുന്നത്. ഇതു വഴി പുതിയ തട്ടകമായ മെറ്റല്‍ ഇന്റസ്ട്രീസിന്റെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് പറയുന്നു.
കേരള തനിമ എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നത് ആറന്മുള കണ്ണാടിയും ചുണ്ടന്‍ വള്ളവുമൊക്കെയാണ്. എന്നാല്‍ ഇനി പരശുരാമന്റെ മഴുവും അക്കൂട്ടത്തില്‍ പെടും എന്നാണ് ജേക്കബ് തോമസ് പറയുന്നത്. വീണു കിടക്കുന്ന മരം മുറിക്കാന്‍ കോടാലി മതി, പക്ഷെ മരത്തിന് മുകളില്‍ കയറി കൊമ്പ് വെട്ടാന്‍ മഴു തന്നെ വേണം എന്ന കാര്യത്തില്‍ സംശയമില്ലെന്നും വ്യവസായ സമൂഹങ്ങള്‍ക്ക് വേണ്ടി ഷൊര്‍ണൂരില്‍ സംഘടിപ്പിച്ച ശാക്തീകരണ പരിപാടിയില്‍ ജേക്കബ് തോമസ് പറഞ്ഞു.
കന്യാകുമാരിയില്‍ നിന്ന് ഗോഗര്‍ണ്ണത്തേക്ക് എറിഞ്ഞ് പരശുരാമന്‍ കേരളം സൃഷ്ടിച്ചെന്ന വിശ്വസത്തിന്റെ പിന്‍ബലത്തിലാണ് പരശുരാമ ആക്‌സ് എന്ന പേരില്‍ മഴു വിപണിയിലിറക്കുന്നത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. 100 തരത്തിലുള്ള മഴു പുറത്തിറക്കാനാണ് തീരുമാനം. ഒരു മാസത്തിനകം പരശുരാമ ആക്‌സ് ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ നടപടി ഉണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.