വാഷിങ്ടൺ : റഷ്യയിലെ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിന്റെ മരണത്തിൽ ആശ്ചര്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് അറിയില്ല. പക്ഷേ, ഞാൻ ആശ്ചര്യപ്പെടുന്നില്ല. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയാതെ റഷ്യയിൽ ഒന്നും നടക്കില്ല. അയാൾക്കു പകരം ഞാനായിരുന്നെങ്കിൽ കൂടുതൽ ജാഗരൂകനാകുമായിരുന്നുവെന്നും ബൈഡൻ പറഞ്ഞു.
റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ ബുധനാഴ്ച വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നിരുന്നു. തകർന്ന വിമാനത്തിലുണ്ടായിരുന്ന പത്തു പേരും കൊല്ലപ്പെട്ടതായാണ് വിവരം. യാത്രക്കാരുടെ പേരിൽ പ്രിഗോഷിന്റെയും ഉൾപ്പെട്ടിരുന്നു.
അതേസമയം, ഇവർ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യൻ സൈന്യം വെടിവച്ചിട്ടതാണെന്ന് വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തു. വ്ലാഡിമിർ പുട്ടിനോ റഷ്യൻ അധികൃതരോ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല.